'ബിജെപിയുടെ വെകിടത്തരങ്ങൾ ഉളുപ്പില്ലാതെ ഏറ്റുപറയുകയാണ് സിപിഎമ്മിന്റെ അഭിനവ ബുദ്ധിജീവി'; ചാമക്കാല
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തെത്തിയിരുന്നു. രാഹുലിന്റേത് കണ്ടെയ്നർ ജാഥായാണെന്നായിരുന്നു സ്വരാജിന്റെ പരിഹാസം.സാധാരണ നിലയിൽ കണ്ടെയ്നറുകൾ ചരക്ക് ഗതാഗതത്തിനാണ് ഉപയോഗിക്കുന്നത്. നിയമവിരുദ്ധമായി മനുഷ്യ കടത്തിന് കണ്ടെയ്നറുകൾ ഉപയോഗിക്കാറുള്ളതായി വാർത്തകൾ വായിച്ചിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്വരാജിന്റെ പരാമർശത്തിന് മറുപടി നൽകുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കണ്ടെയ്നറുകൾ വ്യത്യസ്ത ആവശ്യങ്ങൾക്കുപയോഗിക്കുന്നത് അടിസ്ഥാന വായനയെങ്കിലും ഉള്ളവർക്ക് അറിയാമെന്ന് ചാമക്കാല പറഞ്ഞു.താൽകാലിക വീടായി, ഭക്ഷണശാലയായി, സ്വിമ്മിങ് പൂളായി ,ലൈബ്രറിയായി എന്തിന് സിനിമ തിയറ്ററായിപ്പോലും കണ്ടെയ്നറുകൾ ഉപയോഗിക്കാറുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചാമക്കാല പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'കേരളത്തിലെ സംഘികൾക്ക് വാക്ചാതുര്യം പോരാഞ്ഞിട്ടാവും ഡൽഹിയിൽ നിന്ന് നേരിട്ട് ഇടപെട്ട് സഖാവ് എം.സ്വരാജിനെ അവരുടെ വക്താവാക്കിയത് !ബിജെപി ഐടി സെൽ ഹിന്ദിയിൽ തയാറാക്കുന്ന വെകിടത്തരങ്ങൾ ഒരു ഉളുപ്പുമില്ലാതെ ഏറ്റുപറയുകയാണ് സിപിഎമ്മിൻ്റെ അഭിനവ ബുദ്ധിജീവി... !
കണ്ടെയ്നറുകൾ ചരക്ക് ഗതാഗതത്തിനോ മനുഷ്യക്കടത്തിനോ, മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് സ്വരാജ് സഖാവിൻ്റെ കണ്ടെത്തൽ ....!'
അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ

'ഒരാൾ ലോകം കണ്ടിട്ടില്ലാത്തതും വിവരദോഷിയാവുന്നതും തെറ്റല്ല..ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കണ്ടെയ്നറുകൾ വ്യത്യസ്ത ആവശ്യങ്ങൾക്കുപയോഗിക്കുന്നത് അടിസ്ഥാന വായനയെങ്കിലും ഉള്ളവർക്ക് അറിയാം....താൽകാലിക വീടായി, ഭക്ഷണശാലയായി, സ്വിമ്മിങ് പൂളായി ,ലൈബ്രറിയായി എന്തിന് സിനിമ തിയറ്ററായിപ്പോലും കണ്ടെയ്നറുകൾ ഉപയോഗിക്കാറുണ്ട്'.
ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ

'ദരിദ്രരാജ്യങ്ങളിൽ കണ്ടെയ്നറുകൾ സ്കൂളുകളാക്കി നിരവധി ഉദാഹരണങ്ങൾ കാണാം..സഖാവ് സ്വരാജിന് അൽപം വിവരമുണ്ടാകാൻ ഈ പോസ്റ്റിനൊപ്പം ചേർത്തിട്ടുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക. എൻബി : നാളെ മുതൽ അമിത് മാളവ്യയുടെ വാക്കുകൾ ഏറ്റുപറയും മുമ്പ് ഗൂഗിൾ ചെയ്ത് നോക്കുക', പോസ്റ്റിൽ ചാമക്കാല വ്യക്തമാക്കി.

സിപിഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സംപ്രേഷണം ചെയ്യുന്ന തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം പരിപാടിയിലാണ് സ്വരാജിന്റെ വിമർശനം. സ്വരാജ് പറഞ്ഞത് -'ഒരു കണ്ടെയ്നർ ജാഥയാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ജാഥയ്ക്കുള്ളവർ താമസിക്കുന്നത് കണ്ടെയ്നറിലാണത്രേ. സാധാരണ നിലയിൽ കണ്ടെയ്നറുകൾ ചരക്ക് ഗതാഗതത്തിനാണ് ഉപയോഗിക്കുന്നത്. നിയമവിരുദ്ധമായി മനുഷ്യ കടത്തിന് കണ്ടെയ്നറുകൾ ഉപയോഗിക്കാറുള്ളതായി വാർത്തകൾ വായിച്ചിട്ടുണ്ട്. കണ്ടെയ്നറുകൾ ലളിത യാത്രയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. കണ്ടെയ്നറുകളിൽ ആഡംബര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ കോടികൾ ആണ് ചെലവ്. ഹോട്ടലുകളിൽ താമസിക്കുന്നതിനേക്കാൾ കൂടുതൽ ചെലവാണ് ആഡംബര മുറികൾ കണ്ടെയ്നറുകളിൽ ഒരുക്കാൻ വേണ്ടി വന്നത്. ചരിത്രത്തിൽ ആദ്യമായി തങ്ങളാണ് കണ്ടെയ്നർ യാത്ര സംഘടിപ്പിച്ചതെന്ന് പറയാനുള്ള അവകാശം കോൺഗ്രസിനുണ്ട്.അതെല്ലാം വകവെച്ച് കൊടുക്കാം. എന്നാൽ മാധ്യമങ്ങൾ കണ്ടെയ്നർ ജാഥ ആഘോഷിക്കുകയാണ്. രാഹുൽ ചായകുടിക്കുന്ന വാർത്തകൾ ആഘോഷിച്ച മാധ്യമങ്ങൾ അതിന്റെ പൈങ്കിളി വകഭേദമാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്,മാധ്യമങ്ങളുടെ കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നത്'












Click it and Unblock the Notifications