ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല: ഒളിയമ്പുമായി കെ മുരളീധരന്‍
കോഴിക്കോട്: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നീക്കങ്ങള്‍ സജീവമാകുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കെ മുരളീധരന്‍. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ലെന്നാണ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടത്. മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളില്‍ രമേശ് ചെന്നിത്തലയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ മുരളീധരന്റെ പ്രതികരണം.
'ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്, ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് മികച്ച കാര്യമാണ്. അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോള്‍. മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയുമൊക്കെയുള്ള ദേശീയ നേതൃത്വമുള്ളപ്പോള്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഇവിടെ ചർച്ച ആവശ്യമില്ല.കോൺഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമെടുക്കാറുള്ളത്'- കെ മുരളീധരന്‍ പറഞ്ഞു.

നേതാക്കൾക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവർത്തകർ മനസ്സിലാക്കി. അതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പിന്റെ കാലമൊക്കെ അവസാനിച്ചു. ഏതെങ്കിലും നേതാക്കള്‍ക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോള്‍ അവർക്ക് പിറകെ ആളുകള്‍ കൂടുന്നത് സ്വാഭാവികമാണ്. തന്‍റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകൾ കൂടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിനെ ഉള്‍പ്പെടെ തിരികെ കൊണ്ടുവന്ന് മുന്നണി വിപുലീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു എന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്‌നേഹ വിരുന്നൊരുക്കി ഫൈസാബാദ്.
ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം.












Click it and Unblock the Notifications