സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി, പരിസ്ഥിതിയെ ബാധിക്കും; സില്‍വര്‍ ലൈനിന് അനുമതി നല്‍കരുതെന്ന് ബിജെപി
ദില്ലി : സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയ ബി ജെ പി പ്രതിനിധി സംഘം. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് .

കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചു. പദ്ധതി വഴി ഖജനാവ് കാലിയാകും. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക പോരായ്മകള്‍ ഇ ശ്രീധരന്‍ വിശദീകരിച്ചു. 20 മിനിറ്റോളമാണ് കൂടിക്കാഴ്ച നടന്നത് .
അതേ സമയം, സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഡി പി ആര്‍ റിപ്പോര്‍ട്ട് അനുസരിച്ച് പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിപുന്നു. സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോ എന്ന കാര്യത്തില്‍ ഡി പി ആറില്‍ വ്യക്തതയില്ല . പരിസ്ഥിതി പഠനം നടത്തിയില്ലെന്നും ഈ സാഹചര്യത്തില്‍ ഉടന്‍ അനുമതി നല്‍കാനാവില്ലെന്നുമാണ് കേന്ദ്രം അറിയിച്ചത് .
Recommended Video
എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. സില്‍വര്‍ലൈനിന് എത്രയും വേഗം അനുമതിയും ആവശ്യമായ സാമ്പത്തിക സഹായവും നല്‍കണമെന്ന് രാജ്യസഭയിലെ ശൂന്യവേളയില്‍ എളമരം കരീം എം പി ആവശ്യപ്പെട്ടിരുന്നു . സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യവികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെ റെയില്‍ സമര്‍പ്പിച്ച പ്രോജക്റ്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം വിശദമായ ഡിപിആര്‍ സമര്‍പ്പിക്കുകയും ഭൂമി ഏറ്റെടുക്കലിന്റെ ഉള്‍പ്പെടെയുള്ള പ്രാധമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തു . അന്തിമ അനുമതിക്കായി ഡി പി ആര്‍ റെയില്‍ മന്ത്രാലയത്തിന്റ പരിഗണനയിലാണ്. അതില്‍ എത്രയും വേഗം തീരുമാനയെടുക്കണമെന്നും പദ്ധതിക്ക് അന്തിമാനുമതിയും സാമ്പത്തിക സഹായവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .












Click it and Unblock the Notifications