കെ-റെയിലും അതിവേഗ ട്രെയിനും സമാനം, സതീശന് ഒന്ന് മാത്രം സ്വീകാര്യമായതെങ്ങനെ? തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപിച്ച അതിവേഗ ട്രെയിനും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ തോമസ് ഐസക്. രണ്ട്് പദ്ധതികളുടേയും ലക്ഷ്യം ഒന്ന് തന്നെയാണ് എന്നും എന്നാല്‍ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതി മാത്രം എങ്ങനെ പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്വീകാര്യമായി എന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വേഗറെയില്‍ പാതയ്ക്കുള്ള ഏത് നിര്‍ദ്ദേശവും സ്വതന്ത്ര മനസോടെ നോക്കിക്കാണണം എന്നും അതുകൊണ്ട്് കേന്ദ്രത്തിന്റെ പ്രഖ്യാപനം വന്നിട്ടും കേരള സര്‍ക്കാര്‍ അതിനെ എതിര്‍ത്ത് ഒരുവാക്ക് പോലും പറയാത്തത് എന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍ കെ-റെയിലിനെ കണ്ണടച്ച് എതിര്‍ത്തവര്‍ ഇപ്പോള്‍ കേന്ദ്ര പദ്ധതിയ്ക്ക് കണ്ണുംപൂട്ടി പിന്തുണ അറിയിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

K-Rail

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

കെ-റെയിലിനു പകരം അതിവേഗ ട്രെയിന്‍. എനിക്ക് ഈ പേര് മാറ്റത്തിന്റെ അര്‍ത്ഥം പിടികിട്ടിയിട്ടില്ല. രണ്ട് ട്രെയിനിന്റെയും സ്പീഡ് ഏതാണ്ട് ഒന്ന് തന്നെ. പരമാവധി മണിക്കൂറില്‍ 200 കിലോമീറ്റര്‍ തന്നെ. കെ-റെയില്‍ തുടക്കം മുതല്‍ അര്‍ദ്ധ അതിവേഗ ട്രെയിന്‍ എന്നാണു സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ''അര്‍ദ്ധ'' എന്ന വിശേഷണം എടുത്തു കളഞ്ഞു. അങ്ങിനെ ചിലര്‍ക്ക് ഇ. ശ്രീധരന്റെ പുതിയ നിര്‍ദ്ദേശം ബുള്ളറ്റ് ട്രയിന്‍ ആയി മാറി.

വേഗ റെയില്‍ പാതയ്ക്കുള്ള ഏത് നിര്‍ദ്ദേശവും സ്വതന്ത്ര മനസോടെ നോക്കികാണണം എന്നാണു എന്റെ അഭിപ്രായം. ഒരു കാര്യത്തിലെ നിര്‍ബന്ധമുള്ളൂ. കേരളത്തിന്റെ ഗതാഗത ഘടനയില്‍ ഒരു തെക്ക് - വടക്ക് ഹൈസ്പീഡ് ട്രെയിന്‍ വേണം. പാരിസ്ഥിതികമായും സാമ്പത്തികമായും ഇത് ഒഴിച്ച് കൂടാന്‍ ആവാത്തതാണ്. എന്നാല്‍ കെ-റെയിലിനെ എതിര്‍ക്കാന്‍ ''ആര്‍ക്കാണിത്ര ധൃതി?'' എന്ന് ചോദിക്കുകയായിരുന്നു ഇതുവരെ യുഡിഎഫ്.

പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇപ്പോള്‍ കുറച്ചു വെളിച്ചം വീണിട്ടുണ്ട്. കെ. സുധാകരന് ഇപ്പോഴും നേരം വെളുത്തിട്ടില്ല. പോട്ടെ, സതീശനെങ്കിലും തോന്നിയല്ലോ? പക്ഷെ എന്തുകൊണ്ട് കെ-റെയിലിന്റെ കുറ്റി പറിക്കാന്‍ നടന്നു എന്നതിന്റെ കാരണം സതീശന്‍ വിശദീകരിക്കണം. അദ്ദേഹത്തിന്റെ അവകാശവാദം കെ-റെയിലിനു DPR പോലും ഉണ്ടായിരുന്നില്ലെന്ന്. അതുകൊണ്ടാണത്രെ എതിര്‍ത്തത്.

തെറ്റ്. ഇപ്പോഴത്തെ ശ്രീധരന്റെ നിര്‍ദ്ദേശത്തിനാണ് DPR ഇല്ലാത്തത്. DPR ന് DMRC ചുമതല ഏല്‍ക്കാന്‍ പോവുന്നതേ ഉള്ളു. അതിനുള്ള ഉത്തരവ് പോലും റെയില്‍വേ ഇറക്കിയിട്ടില്ല. കെ-റെയിലിനാവട്ടെ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടുകൂടി ലിഡാര്‍ സര്‍വ്വേ നടത്തി. പാരിസ്ഥിതിക പഠനം നടത്തി. അന്തര്‍ദേശീയ ടെണ്ടറിലൂടെ തിരഞ്ഞെടുത്ത പാരീസ് ആസ്ഥാനമായുള്ള സിസ്ത്ര DPRഉം തയ്യാറാക്കി.

ഇവയ്ക്കെല്ലാം എതിരെ ശാസ്ത്ര സാങ്കേതിക വിമര്‍ശനങ്ങള്‍ ഉണ്ടാകാം. അവ സംബന്ധിച്ചു ചര്‍ച്ചയും ആവാം. എന്നാല്‍ ഈ പഠനങ്ങളെ എല്ലാം തട്ടിക്കൂട്ട് പഠനം എന്ന് പറഞ്ഞു കുറ്റി പറിയ്ക്കാന്‍ ആണ് യുഡിഎഫ് നടന്നത്. രണ്ടും സെമി ഹൈസ്പീഡ്. രണ്ടും നിലവിലുള്ള ട്രാക്കുകളില്‍ നിന്ന് സ്വതന്ത്രമായിട്ടുള്ളതാണ്. രണ്ടും സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍. രണ്ടിനും 9 - 8 കോച്ചുകള്‍ വീതം.

തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെ കെ-റെയിലിനു 4 മണിക്കൂര്‍. പുതിയ നിര്‍ദ്ദേശത്തിന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ 3 മണിക്കൂര്‍ 15 മിനിറ്റ്. കാസര്‍ഗോഡ് വരെ നീട്ടുമ്പോള്‍ ഏതാണ്ട് ഒരേ സമയം. ഇനി എന്താണ് വ്യത്യാസങ്ങള്‍? കെ-റെയില്‍ പാത കൂടുതല്‍ ഗ്രൗണ്ട് ലെവലില്‍ ആണ്. പുതിയ നിര്‍ദ്ദേശത്തില്‍ കൂടുതല്‍ എലവേറ്റഡ് പാതകളും തുരങ്കങ്ങളുമാണ്.

ഇങ്ങനെ പണിയുന്നതിന് കൂടുതല്‍ പാറകളും നിര്‍മ്മാണ പ്രവര്‍ത്തികളും വേണ്ടി വരും. പക്ഷെ പാരിസ്ഥിതിക സാമൂഹ്യാഘാതങ്ങള്‍ താരതമ്യേന കുറയും. പക്ഷേ ചെലവേറും. കെ-റെയിലിന് കിലോമീറ്ററിന് 100 - 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശത്തിന് 200 - 300 കോടി രൂപയെങ്കിലും വരും. ഇത്രയും അല്ല 4 - 5 മടങ്ങ് ഉയര്‍ന്ന ചെലവ് വരും എന്നാണ് ചില വിദഗ്ധര്‍ എഴുതിക്കണ്ടത്.

DPR വന്നിട്ടേ എത്രമാത്രം ചെലവ് വര്‍ധിക്കും എന്ന് പറയാനാവൂ. പക്ഷെ, പ്രതിപക്ഷ നേതാവിന് അതിനൊന്നും കാത്തു നില്‍ക്കേണ്ട ആവശ്യമില്ല. പുതിയ നിര്‍ദ്ദേശമാണ് മെച്ചം. കാരണം കെ-റെയില്‍ എല്‍ഡിഎഫിന്റേതാണ് പുതിയ നിര്‍ദ്ദേശം ഇ.ശ്രീധരന്റേതാണ്. പിന്നെ മറ്റൊരു പ്രധാന വ്യത്യാസമുണ്ട്. പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. കെ-റെയില്‍ ആവട്ടെ കേരത്തിന്റെയും.

രണ്ടിനും പ്രത്യേക അതിവേഗ റെയില്‍വേ കമ്പനിക്ക് ഷെയറിനു മുടക്കേണ്ടി വരുന്ന തുക സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമില്ല. കെ-റെയിലിനാണെങ്കില്‍ ഓഹരിയുടെ 51% കേരളത്തിനാണ്. റെയില്‍വേയ്ക്ക് 49%-വും. പുതിയ നിര്‍ദ്ദേശം കൊങ്കണ്‍ റെയില്‍വേ മോഡലിലാണ് കേന്ദ്രത്തിനു 51%-വും കേരളത്തിന് 49%-വും. അതുകൊണ്ട് പുതിയ കമ്പനിയെ നിയന്ത്രിക്കുക കേന്ദ്രമാണ്.

വിചിത്രമെന്ന് പറയട്ടെ പ്രതിപക്ഷ നേതാവിന് ഇത് വളരെ സ്വീകാര്യമാണ്. ഇനി കൊങ്കണ്‍ റെയില്‍വേ പോലെ തന്നെയാണോ കേന്ദ്ര നിര്‍ദ്ദേശമെന്ന് ആര്‍ക്കറിയാം? PPP മോഡലാണോ കേന്ദ്രം നിര്‍ദ്ദേശിക്കാന്‍ പോവുന്നത്? കേന്ദ്രവും സംസ്ഥാനവും പോലെ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കും പങ്കാളിത്തമുണ്ടോ? വിഴിഞ്ഞത്തെന്ന പോലെ കേന്ദ്രം ചെലവഴിക്കുന്നത് നമ്മുടെ വായ്പയാക്കുമോ? ഇതൊന്നും നമുക്കറിയില്ല.

കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടും ഇല്ല. ഇ. ശ്രീധരന്റെ വാക്ക് കേട്ട് ചാടേണ്ടതില്ലല്ലോ? കേന്ദ്രത്തിന്റെ നിര്‍ദ്ദേശം വരട്ടെ. കേരള സര്‍ക്കാര്‍ നിശ്ചയമായിട്ടും പഠിച്ച് പ്രതികരിക്കും. കേള്‍ക്കുന്നതിന് മുന്‍പ് കേന്ദ്ര നിര്‍ദ്ദേശം തള്ളാനൊന്നും കേരള സര്‍ക്കാരില്ല. പക്ഷെ പ്രതിപക്ഷ നേതാവിന് ഇ.ശ്രീധരന്‍ പറഞ്ഞു കേള്‍ക്കേണ്ട താമസം സ്വീകാര്യമായി. കേരള സര്‍ക്കാര്‍ മുന്നോട്ട് വച്ചത് എന്നതുകൊണ്ട് മാത്രം ഇത്ര വിരോധം കെ-റെയിലിനോട് വേണോ? ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q