'കുഴിയിൽ കിടക്കുന്ന ഹെഡ്ഗേവാർ വന്നാലും രാഹുലിന്റെ രോമത്തിൽ പോലും തൊടാനാകില്ല'; കെ സുധാകരൻ
കണ്ണൂർ: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സംഘപരിവാർ ഭീഷണിക്ക് മറുപടിയുമായ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.
കുഴിയിൽ കിടക്കുന്ന ഹെഡ്ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തിൽ പോലും തൊടാൻ സാധിക്കില്ലെന്നും
ബിജെപി ഭയപ്പെടുത്തുമ്പോൾ നിലപാട് മാറ്റാൻ ഈ പാർട്ടിയുടെ പേര് സിപിഎം എന്നല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
' പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഏതോ സംഘപരിവാറുകാരൻ ഭീക്ഷണിപ്പെടുത്തിയതായി കേട്ടു. അങ്ങനെ ഭീക്ഷണിപ്പെടുത്തിയവരോടും അതിന് കയ്യടിച്ചവരോടുമായി പറയുകയാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യ മഹാരാജ്യത്തിലാണ് നിങ്ങളൊക്കെ കാലുകുത്തി നിൽക്കുന്നത്.

ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനിടയിൽ പഴത്തൊലിയിൽ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാർ പ്രസ്ഥാനങ്ങൾ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാൻ അവസാനത്തെ കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ല. അതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഞങ്ങളിൽ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കുട്ടികൾ.
കുഴിയിൽ കിടക്കുന്ന ഹെഡ്ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തിൽ പോലും തൊടാൻ സാധിക്കില്ല.
ബി ജെ പി ഭയപ്പെടുത്തുമ്പോൾ നിലപാട് മാറ്റാൻ ഈ പാർട്ടിയുടെ പേര് സി പി എം എന്നല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നാണ്. അയാളുടെ പേര് പിണറായി വിജയൻ എന്നല്ല, രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ്. ആ കാര്യം സംഘപരിവാറും മറക്കേണ്ട, സഖാക്കളും മറക്കേണ്ട', സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് നേതാവും മുൻ എംപിയുമായ ടി എൻ പ്രതാപിനും വിഷയത്തിൽ ബിജെപിക്കെതിരെ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ നിയമസഭാ സാമാജികനാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും അവർക്ക് കോറസ് പാടിയവരുടെയും ദിവാ സ്വപ്നങ്ങളെ തകർത്തെറിഞ്ഞ് ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിച്ച പാലക്കാടിന്റെ ജനനായകനാണ് രാഹുൽ. ആർഎസ്എസിന്റെ വിഷചിന്തകകളെ, അതുണ്ടാക്കിയ മാനവദ്രോഹികളെ ജീവനുള്ളിടത്തോളം എതിർക്കുമെന്നത് ഓരോ കോൺഗ്രസ്സുകാരന്റെയും ശപഥമാണ്; ജീവിത ദൗത്യമാണ്. ഹെഡ്ഗേവാറിന്റെ പേരിടേണ്ടത് സർക്കാർ സ്ഥാപനങ്ങൾക്കല്ല, അതിന് നല്ലത് ശാഖയാണ്.
രാഹുലിന് നേരെ ആർഎസ്എസ് നടത്തിയ കൊലവിളികൾ രാഷ്ട്രീയമായി ഞങ്ങൾ നേരിടും. ഇന്നാട്ടിലെ നിയമ സംവിധാനങ്ങൾ സ്വമേധയാ ഇവ്വിഷയത്തിൽ കേസെടുക്കണം. അതോ ആർഎസ്എസിന് ചൂട്ടുപിടിക്കുകയാണോ ഇവിടുത്തെ ആഭ്യന്തരം? അങ്ങനെയാണെന്നാണ് മനസ്സിലാകുന്നത്. രാഹുൽ അടക്കമുള്ള യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തതിലൂടെ അതാണ് വ്യക്തമാകുന്നത്.
രാഹുലിന്റെ നിഴലിനെ പോലും തൊടാമെന്ന് ആരും കരുതേണ്ട. അതിനുമാത്രം ആർഎസ്എസ് ഇവിടെ ഒരുകാലത്തും വളരില്ല; മലയാളി വിവരമുള്ളിടത്തോളം കാലം വളരാൻ അനുവദിക്കുകയുമില്ല', പ്രതാപൻ പറഞ്ഞു.
അതേസമയം സംഘപരിവാർ ഭീഷണിക്കെതിരെ ശക്തമായ ഭാഷയിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും തന്നോട് വേണ്ടെന്നും താൻ കാല് കുത്തി തന്നെ ആർ എസ് എസിനെതിരെ ശക്തമായി പ്രവർത്തിക്കുമെന്നാണ് രാഹുൽ പറഞ്ഞത്. അതിനിടെ പാലക്കാട്ടെ യൂത്ത് കോൺഗ്രസ് മാർച്ചിനിടെയുണ്ടായ കൈയ്യാങ്കളിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനും കണ്ടാൽ അറിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേയുമാണ് കേസ്.












Click it and Unblock the Notifications