ശബരിമലയിൽ നിലതെറ്റി കോൺഗ്രസ്, വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസിന്റെ നാശമെന്ന് സുധാകരൻ
കാസര്‍കോഡ്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അഭിപ്രായ അനൈക്യം കോണ്‍ഗ്രസിന് വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒപ്പം പാര്‍ട്ടിയില്‍ നിന്ന് നേതൃസ്ഥാനത്തുളളവരടക്കം ബിജെപിയിലേക്ക് പോകുന്നതും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകുന്നു. അതിനിടെയാണ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി പാര്‍ട്ടി അധ്യക്ഷന്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നിലപാട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉളള ചെന്നിത്തല മുതലുള്ളവരെല്ലാം സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അതുകൊണ്ട് തന്നെ തള്ളാനും കൊള്ളാനുമാവാത്ത നിലയിലാണ് ചെന്നിത്തലയും കൂട്ടരും. അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തളളി കെ സുധാകരന്‍ രംഗത്ത് വന്നിട്ടുണ്ട്.

നേതാവിന്റെ നിലപാട്
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണം. തന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് എന്നും ദേശീയ മാധ്യമമായ ഇക്കണോമിക്‌സ് ടൈംസിനോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തന്റെ കാഴ്ചപ്പാടില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. എല്ലായിടത്തും സ്ത്രീകളെ പോകാന്‍ അനുവദിക്കണം.

പാർട്ടിയുമായി ഭിന്നാഭിപ്രായം
ശബരിമലയിലേത് വൈകാരിക വിഷയമാണ് എന്നതാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് എന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് താന്‍ വഴങ്ങുകയാണ് എന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. തനിക്കും പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവര്‍ കേരളത്തിലെ നേതാക്കളാണ് എന്നും ശബരിമല വിഷയത്തില്‍ അവരുടെ അഭിപ്രായമാണ് നോക്കേണ്ടത് എന്നുമാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.

സുധാകരന്റെ മുന്നറിയിപ്പ്
സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുളള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് കെ സുധാകരന്റെ മുന്നറിയിപ്പ്. കേരളത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കും എന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൂടിയായ കെ സുധാകരന്റെ പ്രതികരണം. കാസര്‍കോഡ് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

കോണ്‍ഗ്രസിന്റെ അടിവേരറക്കും
വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആകുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കരുത്. ഭക്തജനങ്ങളെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തണം. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും കെ സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തിനുളള മുന്നറിയിപ്പെന്നോണം പറഞ്ഞു.

ആര്‍ത്തവം അശുദ്ധി
ശബരിമല വിധിയുടെ തുടക്കം മുതല്‍ക്കേ തന്നെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് കെ സുധാകരന്‍. ആര്‍ത്തവം അശുദ്ധിയാണെന്ന് വരെ പത്രസമ്മേളനം വിളിച്ച് പറഞ്ഞിട്ടുണ്ട് ഈ നേതാവ്. മതപരവും വിശ്വാസപരവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് മതമേലധ്യക്ഷന്മാരാണ് എന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

പമ്പയിലെത്തി ഉപവാസ സമരം
ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങേണ്ട എന്നാണ് സംസ്ഥാന നേതൃത്വത്തിന് നേരത്തെ രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദേശം. ഇത് പ്രകാരം കോണ്‍ഗ്രസ് ഇതുവരെ കൊടി പിടിച്ച് സമരത്തിന് ഇറങ്ങിയിട്ടില്ല. അതേസമയം പ്രാര്‍ത്ഥനാ സമരങ്ങളില്‍ അടക്കം പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാനുളള അനുമതി നല്‍കി. എന്നാല്‍ കെ സുധാകരന്‍ ശബരിമലയിലെ പ്രക്ഷോഭ സമയത്ത് പമ്പയിലെത്തി ഉപവാസ സമരം നടത്തുകയുണ്ടായി.
Recommended Video


ബിജെപിക്ക് ഒരു കണ്ണുണ്ട്
ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുളള കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ ഏറ്റവും അധികം പറഞ്ഞ് കേള്‍ക്കുന്ന പേരാണ് കെ സുധാകരന്റേത്. കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ തങ്ങളുടെ നിലപാടുമായി ബാലന്‍സ് ചെയ്യാന്‍ കഷ്ടപ്പെടുന്നതിനിടെയാണ് നേതൃത്വത്തിന് ശക്തമായ മുന്നറിയിപ്പ് കെ സുധാകരന്‍ നല്‍കിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.












Click it and Unblock the Notifications