പാര്‍ട്ടി വിടുന്നവര്‍ക്ക് ചെറിയാൻ ഫിലിപ്പ് ഒരു പാഠം; അനില്‍കുമാർ തെരുവ് കച്ചവടക്കാരുടെ നേതാവ്; കെ സുധാകരൻ
കണ്ണൂര്‍ : ദിവസങ്ങള്‍ക്ക് മുമ്പാണ് ചെറിയാന്‍ ഫിലിപ്പ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്നാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് മടങ്ങിവരവിന് പിന്നാലെ പറഞ്ഞത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ബദല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 20 വര്‍ഷത്തിന് ശേഷമാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശനം ചൂണ്ടിക്കാണിച്ച് അടുത്തിടെ പാര്‍ട്ടി വിട്ട കെപി അനില്‍കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നവര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം പാഠമാകണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഉന്നത പദവിയിലുണ്ടായ കെ പി അനില്‍കുമാര്‍ തെരുവ് കച്ചവടക്കാരുടെ യൂണിറ്റ് നേതാവാണിപ്പോഴെന്നും സുധാകരന്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് സുധാകരന്റെ പരാമര്‍ശം. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയില്‍ പോയ ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം എല്ലാവര്‍ക്കും പാഠമാകണം. കോണ്‍ഗ്രസില്‍ ഉന്നത പദവിയിലുണ്ടായിരുന്ന കെ പി അനില്‍കുമാര്‍ തെരുവ് കച്ചവടക്കാരുടെ യൂണിറ്റ് നേതാവാണെന്നും അദ്ദേഹം പരിഹസിച്ചു. ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെയാണ് കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.
ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ അസ്വാരസ്യങ്ങളായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ഉണ്ടായത്. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതൃത്വത്തിന് നേര്‍ക്ക് വലിയ വിമര്‍ശനമായിരുന്നു കെപി അനില്‍കുമാര്‍ ഉന്നയിച്ചത്. പിന്നാലെ അച്ചടക്ക നടപടിയുടെ പേരില്‍ അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഇതിന് ശേഷവും തന്റെ നിലപാട് മാറ്റാന്‍ അനില്‍ കുമാര്‍ തയ്യാറായില്ല.
പിന്നാലെ കോഴിക്കോട് എംപി എംകെ രാഘവനെതിരേയും കെപിസിസി പ്രസിഡന്റ് സുധാകരനെതിരേയും രൂക്ഷമായ വിമര്‍ശനമായിരുന്നു അനില്‍കുമാര്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എംകെ രാഘവനാണ്. പറഞ്ഞത് യാഥാര്‍ത്ഥ്യങ്ങളാണ് തിരുത്തി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ എകെജി സെന്ററില്‍ വച്ച് നടത്തിയ ചടങ്ങില്‍ അനില്‍കുമാര്‍ സിപിഎമ്മിന്റെ ഭാഗമാകുകയായിരുന്നു. കോഴിക്കോട് എത്തിയ അനില്‍ കുമാറിന് വമ്പന്‍ സ്വീകരണമാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകരും നല്‍കിയത്.












Click it and Unblock the Notifications