കെ സുധാകരന്റെ അസഭ്യ പ്രയോഗം; കലിച്ച് വിഡി സതീശനും, എഐസിസിക്ക് പരാതി..ഇടപെട്ട് കെസി വേണുഗോപാൽ
തിരുവനന്തപുരം: വാർത്താസമ്മേളമത്തിൽ എത്താൻ വൈകിയതിന്റെ പേരിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നേതൃത്വത്തെ അതൃപ്തി അറിയിച്ച് വിഡി സതീശൻ. സംഭവത്തിൽ സുധാകരനെതിരെ സതീശൻ എ ഐ സി സി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇടപെട്ടെന്നാണ് വിവരം.
കെസി വേണുഗോപാൽ ഇരുനേതാക്കളോടും സംസാരിച്ചു. നേതാക്കളോട് ഒന്നിച്ച് വാർത്താസമ്മേളനം നടത്താൻ എ ഐ സി സി ആവശ്യപ്പെട്ടെങ്കിലും സതീശൻ വഴങ്ങിയില്ല. മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ സതീശൻ തയ്യാറായതുമില്ല. തുടർന്ന് കെ സുധാകരൻ തനിച്ച് മാധ്യമങ്ങളെ കണ്ടു. താനും സതീശനും ജ്യേഷ്ഠാനുജൻമാരെ പോലെയാണെന്നും ഇരുവരും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും സുധാകരൻ പറഞ്ഞു.

'ഞാനും വി ഡി സതീശനും ജ്യേഷ്ഠാനുജൻമാരെപ്പോലെയാണ്. കെ പി സി സിയുടെ സമരാഗ്നി യാത്രയ്‌ക്ക് മുൻകൈയെടുക്കുന്നത് സതീശനാണ്. ഞാനും സതീശനും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെയില്ല. പത്രസമ്മേളനത്തിലേക്ക് സതീശൻ എത്താൻ വൈകിയതിൽ താൻ അസഭ്യ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. സംഭവത്തിൽ ആരും രാജിഭീഷണി മുഴക്കിയിട്ടില്ല. ഇക്കാര്യത്തിൽ കെസി വേണുഗോപാൽ സംസാരിച്ചിട്ടുമില്ല', എന്നാണ് സതീശൻ പറഞ്ഞത്. മാധ്യമ പ്രവർത്തകർ ഏറെ നേരം കാത്തിരിക്കുന്നതിനാലാണ് താൻ അതൃപ്തി പ്രകടിപ്പിച്ചത്. അല്ലാതെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ല. മാധ്യമങ്ങളാണ് ഇതെല്ലാം ഉണ്ടാക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം. ആലപ്പുഴയിലെ പത്രസമ്മേളനത്തിൽ എത്താൻ വിഡി സതീശൻ വൈകിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. 10 മണിക്കായിരുന്നു വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത്. 10.30ഓടെയാണ് സുധാകരൻ എത്തിയത്. തുടർന്ന് സതീശന് വേണ്ടി സുധാകരൻ അടക്കമുള്ളവർ കാത്തിരിക്കുകയായിരുന്നു. 10.50 ആയിട്ടും സതീശൻ എത്താതിരുന്നതോടെയാണ് സുധാകരൻ സതീശനെതിരെ രംഗത്തെത്തിയത്.
മാധ്യമ പ്രവർത്തകർ കാത്തിരിക്കുകയണെന്നും പ്രതിപക്ഷ നേതാവ് എവിടെയാണെന്നുമാണ് സുധാകരൻ കൂടെയുള്ള പ്രവർത്തകരോട് ചോദിച്ചത്. 'എവിടെയാണെന്ന് വിളിച്ച് ചോദിക്ക്, പത്രക്കാരോട് പറഞ്ഞിട്ട് ഇതെന്ത് മോശമാണ്', എന്നാണ് സുധാകരൻ പറഞ്ഞത്. ഇതിനിടയിലാണ് സതീശനെതിരെ അസഭ്യ വാക്ക് ഉപയോഗിച്ചത്. ഇതിനിടെ കൂടെയുള്ള പ്രവർത്തകർ മൈക്കും കാമറയും ഓൺ ആണെന്നും സുധാകരനെ ഓർമ്മപെടുത്തി. ഇതോടെയാണ് സുധാകരൻ മൗനം പാലിച്ചത്.












Click it and Unblock the Notifications