എസ്എൻഡിപിയിടൊപ്പം: വേട്ടയാടാന്‍ സിപിഎമ്മിനെ അനുവദിക്കില്ലെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: എസ് എൻ ഡി പി യോഗത്തിനെതിരായ ഭീഷണി സി പി എം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സി പി എമ്മിനെ അനുവദിക്കില്ല. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തതെന്നും അദ്ദേഹം പറയുന്നു.
അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സി പി എം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സി പി എമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി സി പി എമ്മിനെ കൈവെടിയും. അതിന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല.

വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സി പി എം ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാൻ ബിജെപിക്ക് സാധിക്കില്ല. ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സി പി എമ്മിന്റെ മിഥ്യാധാരണ ലോക്സഭ തിരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കുകയാണ്.
എസ്.സി- എസ്.ടി വിഭാഗങ്ങളും സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. എന്നാൽ മുസ്ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സി പി എം അവരെ വിമർശിക്കുന്നില്ല. സമസ്തയുടെ നേതാക്കൾ ഉൾപ്പെടെ സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമർശനം നടത്തിയിട്ടും എം വി ഗോവിന്ദൻ കമ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല.
ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സി പി എമ്മിന്റെ ശൈലി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോൾ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സി പി എമ്മിന്റെയും പിണറായി സർക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളുടെ കാര്യത്തിൽ 80:20 അനുപാതം തുടരാൻ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ് എൻ ഡി പിയും വെള്ളാപ്പള്ളിയും ബി ജെ പിക്ക് വേണ്ടി പ്രവർത്തിച്ചു എന്ന ആരോപണം ആവർത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നത്തെ രംഗത്ത് വന്നിരുന്നു. അവരുടെ വർഗീയ നിലപാടിനെ അദ്ദേഹം ചെറുത്തു തോൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ആലപ്പുഴ മണ്ഡലത്തിലെ സി പി എം പരാജയത്തിൽ എസ് എൻ ഡി പിയുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന ആരോപണങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. വെള്ളാപ്പള്ളി നടേശന്റെ ഭാര്യ ആലപ്പുഴയിൽ ബി ജെ പിക്ക് വേണ്ടി നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയെന്നാണ് ഗോവിന്ദൻ ആരോപിക്കുന്നത്. എസ് എൻ ഡി പിയെ ഹിന്ദുത്വവൽക്കരിക്കുന്നു എന്നും സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടികാണിക്കുന്നു.












Click it and Unblock the Notifications