മാസപ്പടി കേസ് എല്‍ഡിഎഫ് - യുഡിഎഫ് സംയുക്ത അഴിമതിയാണെന്ന് കെ സുരേന്ദ്രന്‍
കൊച്ചി: മാസപ്പടി കേസ് എല്‍ ഡി എഫ് - യു ഡി എഫ് സംയുക്ത അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വീണാ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം കിട്ടിയിട്ടുണ്ട്. പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മാസപ്പടി ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒത്തുകളിച്ചത്. നിയമസഭാ സമ്മേളനം പിരിയാനുള്ള അവസരം മുഖ്യമന്ത്രിക്ക് കൊടുത്തത് സതീശനാണ്. എൽഡിഫും യുഡിഎഫും ചേർന്ന് നടത്തിയ അഴിമതിയാണിത്. കേന്ദ്രത്തിൽ കോൺഗ്രസായിരുന്നെങ്കിൽ എല്ലാം തേച്ച് മാച്ച് കളഞ്ഞേനെ. എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കും.

അതുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ അന്വേഷിക്കുന്നത്. മാസപ്പടി വാങ്ങിയ സ്ഥാപനത്തിനും കൊടുത്ത സ്ഥാപനത്തിനും ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല. പിണറായി വിജയനും മകൾക്കും പണം കൊടുത്തത് ബിസിനസ് നടത്താൻ വേണ്ടിയാണെന്നാണ് കെ എം ആർ എൽ പറയുന്നത്. രണ്ട് കൂട്ടരുടേയും വിശദീകരണം കൃത്യമല്ലാത്തത് കൊണ്ടാണ് അന്വേഷണം നടക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം നടക്കട്ടെയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഇത് രാഷ്‌ട്രീയമായ പകപോക്കലാണ്. ബി ജെ പി പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളെ നേരിടുന്നത് എങ്ങനെയെന്ന് അറിയാവുന്നതാണ്. കേന്ദ്ര ഏജൻസികളെ വച്ചുള്ള രാഷ്‌ട്രീയക്കളിയിൽ കോൺഗ്രസ് നിലപാട് പരസ്‌പര വിരുദ്ധമാണ്. പല സംസ്ഥാനത്തും പല നിലപാടാണ്. ചില സംസ്ഥാനങ്ങളിൽ ഏജൻസികളുടെ ഇടപെടലിന് എതിരായി നിലപാടെടുക്കുന്നു. ചിലയിടത്ത് അനുകൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു അന്വേഷണത്തെയും സി പി എം ഭയപ്പെടുന്ന കാര്യമില്ല. പിണറായി വിജയന്റെ മകൾ എന്ന രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നത്. അല്ലെങ്കിൽ എന്ത് അന്വേഷണം. സി പി എം പ്രതിക്കൂട്ടിലാകും എന്ന ധാരണ മാധ്യമങ്ങൾക്ക് വേണ്ട. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ച് കോടതി പറഞ്ഞ വിധിയിൽ ഉള്ള കാര്യങ്ങളാണ് പറഞ്ഞത്. ആശുപത്രിയുടെ സീലിലും പേരിലും കോടതിക്ക് സംശയം ഉണ്ടായി. വ്യക്തതയില്ല എന്നാണ് പറയുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോടതി വേറെ ഡോക്‌ടർമാരെക്കൊണ്ട് പരിശോധിച്ചു. അങ്ങനെയാണ് റിമാൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications