കോണ്‍ഗ്രസ് ബിജെപിയോടൊപ്പം ചേരണമെന്ന് കെ സുരേന്ദ്രന്‍; അണികളും ആഗ്രഹിക്കുന്നത് അതാണ്
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ ആദ്യം സ്വാഗതം ചെയ്‌തെങ്കിലും പിന്നീട് വിധിക്കെതിരായ നിലപാടായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് ഘടകം സ്വീകരിച്ചത്. വിടി ബല്‍റാം, ബിന്ദു കൃഷ്ണ തുടങ്ങിയ നേതക്കാളുടെ കടുത്ത എതിര്‍പ്പിനെ മറികടന്നുകൊണ്ടായിരുന്നു കെപിസിസിയുടെ ഈ നിലപാട് മാറ്റം.
സുപ്രീംകോടതി വിധിക്കെതിരായി നടക്കുന്ന പ്രതിഷേധ സമരങ്ങളിലും നാമജപ ഘോഷയാത്രയിലും പങ്കെടുക്കുന്നതിനുള്ള അനുമതിയും കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നല്‍കിയിരുന്നു. കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്സും ബിജെപിയും ഒരേ ശബ്ദത്തിലായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ച് വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം നില്‍ക്കണമെന്ന പ്രസ്താവനയുമായി കെ സുരേന്ദ്രന്‍ എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സ്ത്രീപ്രവേശന വിധിക്കെതിരായി
ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം നില്‍ക്കണമെന്നാണ് ബിജെപി നേതാവായ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അണികള്‍ ആഗ്രഹിക്കുന്നത്
കോണ്‍ഗ്രസ് ബിജെപിയോടൊപ്പം ചേരുന്നതിനേയാണ് പാര്‍ട്ടിയിലെ അണികള്‍ ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അമിത് ഷാ
ശബരിമല വിഷയത്തില്‍ ബി. ജെ. പി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയില്‍ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു.

ചെന്നിത്തലക്കും കെ. മുരളീധരനും
പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കോണ്‍ഗ്രസ്സിന്റെ അണികള്‍ക്കും. നടക്കുന്നത് ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണ്. ഒന്നുകില്‍ കോണ്‍ഗ്രസ്സിന് ഞങ്ങളോടൊപ്പം നില്‍ക്കാം.

അണികള്‍ ആഗ്രഹിക്കുന്നത്
അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം. അതിനിടയിലുള്ള ഒരു അഴകൊഴമ്പന്‍ നിലപാടിന് ഇനി പ്രസക്തിയില്ല. ആദ്യത്തേത് തെരഞ്ഞെടുക്കാനാണ് അണികള്‍ ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനം എന്നും ഓര്‍മിപ്പിച്ചാണ് കെ സുരേന്ദ്രന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നാമജപ ഘോഷയാത്രയില്‍
കെ സുരേന്ദ്രന്‍ ഈ പ്രസ്താവന അണികളില്‍ ആശയകുഴപ്പം ഉണ്ടാക്കുമെന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഇപ്പോള്‍ തന്നെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് അണികള്‍ നാമജപ ഘോഷയാത്രയിലടക്കം പങ്കെടുക്കുന്നുണ്ട്.

കോടതി വിധിക്കെതിരായ സമരം
സുപ്രീംകോടതി വിധിക്കെതിരായ സമരത്തെ കൂടുതല്‍ വൈകാരിക വിഷയമായി ഉയര്‍ത്തി ബിജെപി മുന്നോട്ടുപോവുമ്പോള്‍ അണികള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോവുമോയെന്നതാണ് കോണ്‍ഗ്രസ് ആശങ്കയോടെ കാണുന്നത്.

ഒരു സൂചന മാത്രം
ബിജെപിയുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ ജി രാമന്‍ നായര്‍ ബിജെപിയിലേക്ക് പോയത് ഒരു സൂചന മാത്രമാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് നല്‍കുന്ന മുന്നറിയിപ്പ്.

വിടി ബല്‍റാം
കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് വിധിക്കെതിരായി നിലകൊള്ളുകയും ചെയ്ത പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ അമര്‍ഷം പുകയുന്നുണ്ട്. ഈ അമര്‍ഷമാണ് വിടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

തിരിച്ചടി
രാഹുല്‍ ഈശ്വര്‍ അല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ്സിന്റെ നേതാവ് എന്നത് ഓര്‍മ്മ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വലിയൊരു വിഭാഗം അണികളും ഇതേ മനോഭാവം പുലര്‍ത്തുന്നു. കോടതി വിധിക്കെതിരായി സമരം ചെയ്യാന്‍ ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിക്കാത്തതും കെപിസിസി നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്‍












Click it and Unblock the Notifications