'അത് മഞ്ഞള്‍ പോലെ വെളുത്തിരിക്കും'; ശോഭാ സുരേന്ദ്രനെ തേച്ചൊട്ടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ചതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനവും പിഴയുമാണ് ഇന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. ശബരിമലയിലെ പോലീസ് നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.
കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ഹൈക്കോടതി ശോഭ സുരേന്ദ്രന് 25000 രൂപ പിഴ വിധിക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ശോഭ സുരേന്ദ്രന് വേണ്ടി അഭിഭാഷകന്‍ കോടതിയോട് മാപ്പ് പറയുകായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ശോഭാ സുരേന്ദ്രനെ വിമര്‍ശിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

അയ്യപ്പഭക്തരോടും
ഹൈക്കോടതിയില്‍ മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും ശോഭാസുരേന്ദ്രന്‍ മാപ്പ് പറയണമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാമെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ശോഭ സുരേന്ദ്രന്‍ തയാറാകണം
ബഹുമാനപ്പെട്ട ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ ശ്രീമതി ശോഭ സുരേന്ദ്രന്‍ തയാറാകണം. വികൃതമായ ആരോപണങ്ങള്‍ എന്നാണു ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയെ കുറിച്ച് ഹൈക്കോടതി വിലയിരുത്തിയത്.

പബ്ലിസിറ്റി സ്റ്റണ്ട്
പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമര്‍ശനം നിസ്സാരമല്ല. ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട ഹര്‍ജിയില്‍, വാസ്തവവിരുദ്ധമായ പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നതാണ് ഹൈക്കോടതി വിമര്‍ശനത്തിന് കാരണമെന്നാണ് അറിയുന്നത്.

കുപ്രചരണങ്ങള്‍
സമൂഹമധ്യത്തില്‍ കുറെ കാലമായി ബി.ജെ.പി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങള്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായത്. മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിച്ച ശോഭ സുരേന്ദ്രന്‍ സമാന ആരോപണങ്ങള്‍ ഉയര്‍ത്തി കേരളമാകെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും മാപ്പ് പറയണം.

കാല്‍ ലക്ഷം രൂപ
കാല്‍ ലക്ഷം രൂപ പിഴയടയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച വികൃതമായ ആരോപണങ്ങള്‍ കണക്കിലെടുത്താണ്. മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബി.ജെ.പിക്കാര്‍ക്ക് പുതുമയല്ല.

ചെറിയ ശിക്ഷ
അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാം. ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ താന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഒരു ചാനലില്‍ പറയുന്നത് കേട്ടു.

മഞ്ഞള്‍ പോലെ
ഇനി ഹര്‍ജിയെ നല്‍കിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാം എന്നുംകുറിച്ച കടകം പള്ളി സുരേന്ദ്രന്‍ ''അഞ്ജനം എന്നത് ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും..' എന്ന പഴഞ്ചൊല്ലോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സുപ്രീംകോടതി
അതേസമയം ഹെെക്കോടതി വിധിക്കെതിരെ സുപ്രീംകോടതി യെ സമീപിക്കുമെന്ന് വ്യക്തമാക്കി ശോഭാസുരേന്ദ്രന്‍ രംഗത്തെത്തി. താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ നാല്‍പത് ദിവസമായി പോലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിജയിലില്‍ അടച്ചിരിക്കുകയാണ് ഇക്കാര്യമാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

വേറെയും കോടതിയുണ്ട്
ഹൈക്കോടതിക്ക് മുകളില്‍ വേറെയും കോടതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്
കടകംപള്ളി സുരേന്ദ്രന്‍












Click it and Unblock the Notifications