നായനാരെ വീഴ്ത്തി ചരിത്രമെഴുതി; മന്ത്രിക്കുപ്പായത്തില്‍ കടന്നപ്പള്ളിക്ക് ഇത് മൂന്നാമൂഴം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയിലൂടെ മന്ത്രിപദത്തിലേക്ക് ഒരിക്കല്‍ കൂടി എത്തുകയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന് ആ പദവിയില്‍ മൂന്നാം തവണയാണ് എത്താനുള്ള ഭാഗ്യമുണ്ടാവുന്നത്. പേരിനൊരു പാര്‍ട്ടിയുണ്ടെങ്കിലും, കടന്നപ്പള്ളിയെ പരിഗണിക്കാനുള്ള പ്രധാന കാരണം അദ്ദേഹം ജനകീയനായതും അതുപോലെ എളിമ നിറഞ്ഞ വ്യക്തിയായതും കൊണ്ടാണ്.
കണ്ണൂരില്‍ നിന്നുള്ള സൗമ്യനായ നേതാവ് എന്ന വിശേഷണവും കടന്നപ്പള്ളിക്കുണ്ട്. അതുകൊണ്ട് സിപിഎമ്മിന്റെ ഗുഡ്ബുക്കില്‍ എപ്പോഴും കടന്നപ്പള്ളിയുണ്ട്. അതുകൊണ്ട് തന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തിന്റെ വരവും എളുപ്പം തന്നെയായിരുന്നു. കോണ്‍ഗ്രസിലൂടെയാണ് കടന്നപ്പള്ളി രാഷ്ട്രീയം ആരംഭിച്ചത്. ഇന്ന് എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നതും സിപിഎമ്മിനോടുള്ള അടുപ്പം കാരണമാണ്.

എല്‍ഡിഎഫിന്റെ ഏറ്റവും വിശ്വസ്തനായ നേതാവാണ് കോണ്‍ഗ്രസ് എസ് നേതാവ് കൂടിയായ കടന്നപ്പള്ളി. കോണ്‍ഗ്രസ് എസ് എന്നൊരു പാര്‍ട്ടിയുടെ മേല്‍വിലാസം പോലുള്ള കടന്നപ്പള്ളിയാണെന്ന് പറയുന്നതില്‍ തെറ്റില്ല. കടന്നപ്പള്ളിയുടെ വിശ്വാസ്യതയ്ക്ക് എപ്പോഴും സിപിഎം പരിഗണന നല്‍കാറുണ്ട്. ഒരു കാലത്തും മുന്നണിക്കോ, സിപിഎമ്മിനോ കോണ്‍ഗ്രസ് എസ്സോ കടന്നപ്പള്ളിയോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല.
ശല്യക്കാര്‍ അല്ലാത്തവരെ എപ്പോഴും വിശ്വസിച്ച് ഒപ്പം നിര്‍ത്തുന്ന സിപിഎം രീതിയാണ് കടന്നപ്പള്ളിയെ മന്ത്രിസഭയില്‍ എത്തിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നപ്പള്ളി പൊതുപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 1960ല്‍ കെഎസ്‌യു കണ്ണൂര്‍ താലൂക്ക് പ്രസിഡന്റായി. 1965ല്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും, 69ല്‍ പ്രസിഡന്റുമായി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറി കടന്നപ്പള്ളി നടത്തിയത്.
1971ല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇ കെ നായനാരെ തോല്‍പ്പിച്ചായിരുന്നു രാഷ്ട്രീയത്തിലേക്ക് കടന്നപ്പള്ളി തന്റെ വരവറിയിച്ചത്. 1980ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ മുതല്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്നു അദ്ദേഹം. അന്ന് കൂടെയുള്ള എകെ ആന്റണി അടക്കം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയെങ്കിലും കടന്നപ്പള്ളി എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇരിക്കൂറില്‍ നിന്ന് 1980ല്‍ ആദ്യം നിയമസഭയിലേക്ക് വിജയിച്ച കടന്നപ്പള്ളി പിന്നീട് പേരാവൂര്‍, എടക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. പിണറായി മന്ത്രിസഭയില്‍ മാത്രമല്ല വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലും അദ്ദേഹം ഭാഗമായിരുന്നു. ദേവസ്വം, പ്രിന്റിങ് വകുപ്പ് മന്ത്രിയായിരുന്നു കടന്നപ്പള്ളി. 2016ല്‍ ആദ്യ പിണറായി മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ അതിലും കടന്നപ്പള്ളിക്ക് ഇടം കിട്ടി. തുറമുഖം, പുരാവസ്തു വകുപ്പുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ഉയര്‍ന്ന് കേട്ട പേരായിരുന്നു കടന്നപ്പള്ളിയുടേത്. എന്നാല്‍ മുന്നണിയില്‍ വിട്ടുവീഴ്ച്ചകള്‍ ആവശ്യമായിരുന്നു ആ സമയത്ത്. കടന്നപ്പള്ളിക്കും അത് അറിയാമായിരുന്നു. രണ്ടര വര്‍ഷം അതുകൊണ്ട് കാത്തിരുന്നു. യാതൊരു വിമത സ്വരവും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. ഇപ്പോഴിതാ പുനസംഘടന വന്നപ്പോള്‍ മന്ത്രിക്കുപ്പായം വീണ്ടും അണിയുകയാണ് അദ്ദേഹം. പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രിയായിരിക്കും കടന്നപ്പള്ളി.












Click it and Unblock the Notifications