വിഎം വിനുവിന് പകരം ബൈജു കാളക്കണ്ടി; കോണ്‍ഗ്രസിന് പ്ലാന്‍ ബി, ജോയ് മാത്യുവും വിനുവും മുന്നില്‍
കോഴിക്കോട്: കോര്‍പറേഷനില്‍ താരപരിവേഷത്തോടെ കോണ്‍ഗ്രസ് കളത്തിലിറക്കിയ സംവിധായകന്‍ വിഎം വിനുവിന് വോട്ടില്ലെന്ന് ബോധ്യമായതോടെ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ബൈജു കാളക്കണ്ടിയാണ് കല്ലായ് ഡിവിഷനിലെ കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ബൈജു.
പ്രവര്‍ത്തകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ബൈജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം, വിഎം വിനുവിനെ മറ്റൊരു രീതിയില്‍ ഉപയോഗപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. വിഎം വിനുവും നടന്‍ ജോയ് മാത്യുവും കോണ്‍ഗ്രസിന്റെ മുഖങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണതത്തിന് മുന്നിലുണ്ടാകുമെന്ന് നേതൃത്വം സൂചിപ്പിച്ചു.

വിഎം വിനുവിന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. വളരെ സന്തോഷത്തോടെ അദ്ദേഹം പ്രചാരണം തുടങ്ങുകയും വീടുകളിലെത്തി വോട്ട് ചോദിക്കുകയും ചെയ്തു. കല്ലായ് പുഴ കേന്ദ്രമാക്കി സിനിമകള്‍ എടുത്ത വ്യക്തി എന്ന നിലയില്‍ കല്ലായ് ഡിവിഷനില്‍ തന്നെ മല്‍സരിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം വിനു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ് വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേരില്ല എന്ന കാര്യം അറിയുന്നത്. വോട്ട് വെട്ടിയതാണ് എന്ന പ്രചാരണമുണ്ടായി. വിശദമായ പരിശോധനയില്‍ വോട്ടില്ലെന്ന് സ്ഥിരീകരിച്ചു. വിനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വിനുവിന് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്. വിനുവിന് പകരം ബൈജു എത്തിയതോടെ മറുഭാഗത്ത് ഇടതുപക്ഷത്തിന്റെ പ്രതികരണവും വന്നു.
ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രതികരണം
കല്ലായ് ഡിവിഷനില്‍ ഇടതുപക്ഷ സ്വതന്ത്രനായി കളത്തിലിറങ്ങിയിരിക്കുന്നത് വിനീഷ് വിദ്യാധരന്‍ ആണ്. വിഎം വിനു സ്ഥാനാര്‍ഥിയാകുന്ന സാഹചര്യത്തിലാണ് സിപിഎം നേതൃത്വം നിര്‍ബന്ധിച്ചതും വിനീഷ് സ്ഥാനാര്‍ഥിയായതും. പ്രചാരണം തുടങ്ങിയ ശേഷം വിനുവിന് ഇങ്ങനെ സംഭവിച്ചതില്‍ വിഷമമുണ്ട് എന്ന് വിനീഷ് പറയുന്നു.
കല്ലായ് ഡിവിഷനിലെ തൊട്ടടുത്ത് തന്നെയാണ് വിനീഷ്. സഹപാഠികളും വാണിജ്യ മേഖലയിലെ ബന്ധങ്ങളുമെല്ലാം വിനീഷിന് കല്ലായ് ഡിവിഷനിലുണ്ട്. അതെല്ലാം നേട്ടമാകുമെന്ന് അദ്ദേഹം കരുതുന്നു. മാത്രമല്ല, കല്ലായ് പുഴയുടെ നവീകരണത്തിന് കോര്‍പറേഷന്‍ 13 കോടി രൂപ നീക്കിവച്ചിരുന്നു. ആ പദ്ധതി തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയും വിനീഷ് പങ്കുവച്ചു.
വിനുവിനെ നേരിടാന്‍ എത്തിയ വിനീഷിനെ കല്ലായിലെ വോട്ടര്‍മാര്‍ സ്വീകരിക്കുമോ, അതോ അപ്രതീക്ഷിതമായി എത്തിയ ബൈജുവിനെ ഏറ്റെടുക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുന്ന തിരക്കിലാണ്. ഡിസംബര്‍ 11നാണ് കോഴിക്കോട് കോര്‍പറേഷനിലേക്ക് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 13ന് ഫലം വരും.












Click it and Unblock the Notifications