കോടതിയെ വെട്ടാന്‍ നോക്കിയ സര്‍ക്കാര്‍ മാത്രമല്ല; പെട്ടത് പ്രതിപക്ഷവും, മാന്യനായി ബല്‍റാം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ കോടതിയെ വെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ പെട്ടത് പ്രതിപക്ഷവും. പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയോടെ പാസാക്കിയ ബില്ലിനെതിരെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷത്ത് നിന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാം മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സഭയില്‍ ബില്ല് അവതരിപ്പിച്ചത്. ഈ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചു. സുപ്രീംകോടതി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. അതുകൊണ്ടുതന്നെയാണ് കോടതി വിധി മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കരുതെന്ന് സുപ്രീംകോടതി താക്കീത് നല്‍കിയത്. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്ല് ബുധനാഴ്ചയാണ് സംസ്ഥാന നിയമസഭ പാസാക്കിയിത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പായിട്ടായിരുന്നു സര്‍ക്കാര്‍ നീക്കം. വ്യാഴാഴ്ച നടക്കുന്ന വാദം കേള്‍ക്കല്‍ നീട്ടി വയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് പുതിയ ബില്ല് അവതരിപ്പിക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ സഭയില്‍ പറഞ്ഞിരുന്നു. ഇതേ വാദം തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പാസാക്കിയ ബില്ലാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നടപടി. സര്‍ക്കാരിനെ ശക്തമായി താക്കീത് ചെയ്തു കോടതി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 വിദ്യാര്‍ഥികളെയും കരുണയിലെ 30 വിദ്യാര്‍ഥികളെയും പുറത്താക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്ന ബില്ലാണിതെന്ന് വിടി ബല്‍റാം നിലപാടെടുത്തിരുന്നു. ഓര്‍ഡിനന്‍സില്‍ കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ബില്ല് കൊണ്ടുവരുന്നത് ക്രമവിരുദ്ധമാണെന്നും ബല്‍റാം സൂചിപ്പിച്ചിരുന്നു. ബില്ല് പാസാക്കാന്‍ പ്രതിപക്ഷം കൂട്ടുനിന്നതിനെ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാനും കുറ്റപ്പെടുത്തി. വിഷയത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നു അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications