ഇനി അടവ് നയം തന്നെ രക്ഷയെന്ന് കാരാട്ട്
തിരുവനന്തപുരം: കോണ്‍ഗ്രസിനെ തോല്‍പിക്കുക, ബിജെപി അധികാരത്തിലെത്തുന്നത് തടയുക... രണ്ടും ഒരേ സമയം നടക്കുമോ എന്നത് കേള്‍ക്കുമ്പോള്‍ അസാധ്യം എന്ന് തോന്നിയേക്കും. പക്ഷേ സിപിഎമ്മിന്റെ ഏറ്റവും വലിയ ലക്ഷ്യം ഇതാണ്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അടവ് നയങ്ങള്‍കൊണ്ടേ സാധ്യമാവൂ എന്ന് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വ്യക്തമാക്കുന്നു. ജ്യോതി ബസു ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് കാരാട്ട് ഇങ്ങനെ പറഞ്ഞത്.
നിലവില്‍ ഒരു മൂന്നാം മുന്നണി ഇല്ലെങ്കിലും അതിനുള്ള സാധ്യതകളുണ്ടെന്നാണ് കാരാട്ടിന്റെ പ്രസംഗത്തിലെ പല ഭാഗങ്ങളും സൂചിപ്പിക്കുന്നത്. പല പ്രാദേശിക പാര്‍ട്ടികള്‍ക്കും അവരുടെ നാട്ടില്‍ വലിയ ജനപിന്തുണയാണ് ഉള്ളത്. പലയിടത്തും അവര്‍ സംസ്ഥാന ഭരണം കയ്യാളുന്നുണ്ട്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസുമായും ബിജെപിയുമായും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ വ്യത്യസ്തരാണ്- കാരാട്ട് പറയുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ പ്രാദേശിക കക്ഷികള്‍ക്ക് പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷം നേടാനാകും. അവര്‍ക്ക് അവരുടേതായ പ്രാദേശിക നയങ്ങളാണ് ഉണ്ടാവുക എങ്കിലും പൊതു പ്രശ്‌നങ്ങളില്‍ യോജിച്ച നിപാടുകള്‍ എടുത്ത് മുന്നോട്ട് പോകാനും അവരുമായി സഹകരണം വളര്‍ത്താനും ആണ് സിപിഎം ശ്രമിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.മതനിരപേക്ഷ കക്ഷികളുടേയും ഇടത് പാര്‍ട്ടികളുടേയും യോജിച്ച മുന്നേറ്റം വരും നാളുകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
യുപിഎ അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണ്. ഘടകക്ഷികളില്‍ പലരും ഇപ്പോള്‍ യുപിഎ വിട്ടുപോയിക്കഴിഞ്ഞു. ഈ സാഹചര്യം കോണ്‍ഗ്രസിന് തീരെ അനുകൂലമല്ല. അതേ സമയം രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്ന് കാരാട്ട് ആരോപിച്ചു. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം ഉണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കാരാട്ട് ആരോപിച്ചു.












Click it and Unblock the Notifications