ഫസല്‍ ഗഫൂര്‍ അന്ന് ബോഡി ഷെയ്മിങ് നടത്തി, അധിക്ഷേപിച്ചു; കർണാടക ഹിജാബ് വിവാദത്തില്‍ ഫാത്തിമ തെഹ്ലിയ
തിരുവനന്തപുരം : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്താകമാനം വലിയ ചര്‍ച്ചകളിലേക്കാണ് വഴിവച്ചിരിക്കുന്നത്. കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയരുന്നത് . ഹിജാബ് ധരിച്ചു കോളജില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികളുടെ പ്രതിഷേധം തുടരുകയാണ് . വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത് .

എന്നാല്‍ ഇപ്പോഴിതാ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്ലിയ. എം ഇ എസ് കോളേജുകളില്‍ നിഖാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് തന്റെ നിലപാടിനെ ഫസല്‍ ഗഫൂര്‍ വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് തെഹ്ലിയയുടെ പ്രതികരണം.

സംഘികള്‍ക്കും മുമ്പേ അവരേക്കാള്‍ ആവേശത്തോടെ കേരളത്തിലെ കോളേജുകളില്‍ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസല്‍ ഗഫൂര്‍ എന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. അന്ന് അതിനെതിരെ പ്രതിഷേധിച്ച എന്നെപ്പോലുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യാനും അതിര് കവിഞ്ഞ് വ്യക്തിഹത്യ നടത്താനുമാണ് ഫസല്‍ ഗഫൂര്‍ ശ്രമിച്ചതെന്ന് ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാന്‍ ഫസല്‍ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്. സംഘികള്‍ക്കും മുമ്പേ അവരേക്കാള്‍ ആവേശത്തോടെ കേരളത്തിലെ കോളേജുകളില്‍ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസല്‍ ഗഫൂര്‍.

അന്ന് അതിനെതിരെ പ്രതിഷേധിച്ച എന്നെപ്പോലുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യാനും അതിര് കവിഞ്ഞ് വ്യക്തിഹത്യ നടത്താനുമാണ് ഫസല്‍ ഗഫൂര്‍ ശ്രമിച്ചത്. തീര്‍ത്തും സ്ത്രീ വിരുദ്ധമായ ഭാഷയില്‍ ബോഡി ഷെയ്മിങ് നടത്തുകയും ഹിപ്പോക്രാറ്റ് എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്ത ഫസല്‍ ഗഫൂറിന് സംഘികള്‍ക്ക് വടി കൊടുത്തതിനെ കുറിച്ച് വല്ലതും പറയാന്‍ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

മുസ്ലിമായ ഫസല്‍ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കില്‍ ഞങ്ങള്‍ക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നേ സംഘികള്‍ ഇനി ചോദിക്കാന്‍ ബാക്കിയുള്ളൂ- ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പ്രതിഷേധം അറിയിച്ച വ്യക്തിയാണ് ഫാത്തിമ തെഹ്ലിയ. നേരത്തെയും ഇതുമായി ബന്ധപ്പെട്ട് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചിരുന്നു.

കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജില്‍ നിന്നും ഹിജാബ് ധരിച്ച പെണ്കുട്ടികളെ പുറത്താക്കുന്നത് തുടരുകയാണ്. പരീക്ഷക്ക് വെറും രണ്ട് മാസം അവശേഷിക്കുമ്പോഴാണ് ഈ കടുംകൈ എന്നോര്‍ക്കണമെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. മുസ്ലിങ്ങളുടെ സാംസ്‌ക്കാരിക ചിഹ്നങ്ങളെ തുടച്ചു നീക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണീ നീക്കം.

ഈ പച്ചയായ ഫാസിസത്തെ പിന്തുണക്കാന്‍ കേരളത്തിലും 'പുരോഗമനത്തിന്റെ' ലേബലില്‍ ആളുണ്ടെന്നതാണ് ദുഃഖകരം. ഹിജാബ് ധരിച്ചവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിന്റെ പേരാണോ പുരോഗമനം എന്നത്? ഹിജാബ് കാണുമ്പോള്‍ അസഹിഷ്ണുത തോന്നുന്നവര്‍ ദയവ് ചെയ്ത് സ്ത്രീ വിമോചകരുടെ മൂടുപടം അണിയരുത്. അധികാര പ്രയോഗത്തിലൂടെ ഹിജാബ്ധാരികളുടെ അവകാശങ്ങളെ റദ്ദ് ചെയ്യുന്നതിനെ പിന്തുണക്കുന്നവര്‍ സ്ത്രീ വിമോചകരുടെ പുറം ചട്ടയില്‍ ഒളിച്ചിരിക്കാതെ താന്‍ സംഘിയാണെന്ന് തുറന്നു പറയുനുള്ള ധൈര്യം കാണിക്കണമെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications