ഗതാഗത വകുപ്പ് മിന്നിക്കുമോ ഗണേഷ് കുമാര്‍; സത്യപ്രതിജ്ഞ 29ന് എന്ന് സൂചന, തീരുമാനം 24ന്
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വൈകാതെ നടന്നേക്കുമെന്ന് വിവരം. ഗതാഗത വകുപ്പ് മന്ത്രിയായി കെബി ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. നേരത്തെ ഗതാഗത വകുപ്പില്‍ വ്യത്യസ്തമായ ശൈലിയില്‍ തിളങ്ങിയ മന്ത്രിയാണ് ഗണേഷ് കുമാര്‍. ചടുല നീക്കങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന് വീണ്ടും ഗതാഗത വകുപ്പ് ലഭിച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാണ് വരിക എന്ന് അറിയാന്‍ കാത്തിരിക്കണം.
മന്ത്രിസഭയില്‍ വന്‍തോതിലുള്ള അഴിച്ചുപണിയല്ല വരുന്നത്. ഘടക കക്ഷികള്‍ രണ്ടര വര്‍ഷം ഊഴംവച്ച് മാറുകയാണ് ചെയ്യുക. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ വേളയില്‍ തന്നെ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. ഒഴിയുന്നവര്‍ക്ക് പകരമെത്തുന്ന മന്ത്രിമാര്‍ക്ക് അതേ വകുപ്പുകള്‍ തുടരാനാണ് സാധ്യത. വകുപ്പ് മാറ്റം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും താല്‍പ്പര്യം.

ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവാണ് നിലവില്‍ ഗതാഗത മന്ത്രി. ആന്റണി രാജുവിന് പകരമാണ് കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാര്‍ എത്തുക. കപ്പല്‍, തുറമുഖ വകുപ്പ് മന്ത്രിയാണ് ഐഎന്‍എല്‍ നേതാവായ അഹമ്മദ് ദേവര്‍കോവില്‍. ഇദ്ദേഹത്തിന് പകരം കേരള കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകും.
മേല്‍പ്പറഞ്ഞ രീതിയില്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടന്നാല്‍ ഒരു എംഎല്‍എമാരുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിപദവി ലഭിക്കാന്‍ വഴിയൊരുങ്ങും. എന്നാല്‍ ആര്‍ജെഡിക്ക് മാത്രം മന്ത്രി സ്ഥാനം ലഭിക്കില്ല. ഇവര്‍ക്ക് പകരം എന്ത് നല്‍കുമെന്ന കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച എല്ലാ ചര്‍ച്ചകളും ഈ മാസം 24ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ നടക്കും.
രണ്ട് പുതിയ മന്ത്രിമാര്‍ ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. 24ന് ചേരുന്ന എല്‍ഡിഎഫ് യോഗം സത്യപ്രതിജ്ഞ എന്ന് വേണമെന്ന കാര്യത്തിലും തീരുമാനമെടുക്കും. അതേസമയം, ആര്‍ജെഡിയെ എങ്ങനെ ആശ്വസിപ്പിക്കാനാണ് സിപിഎം ശ്രമിക്കുക എന്നാണ് അറിയേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയെയും പിണക്കാത്ത രീതിയില്‍ വിഷയം സിപിഎം പരിഹരിക്കുമെന്ന് നേതാക്കള്‍ പറയുന്നു.












Click it and Unblock the Notifications