'അരിക്കൊമ്പനെ ഈ നിലയിലാക്കിയത് ആനപ്രേമികള്‍'; ആദ്യം അവരെ അടിച്ചോടിക്കണമെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: അരിക്കൊമ്പനെ ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ എത്തിച്ചത് ആനപ്രേമികളാണെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. ആനപ്രേമികള്‍ ചെയ്യുന്നത് മഹാ അന്യായമാണ് എന്നും അവരെയാണ് ആദ്യം അടിച്ചോടിക്കേണ്ടത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അരിക്കൊമ്പന്‍ ചെരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്കായിരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതായിരിക്കാം എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഈ മുറിവ് ഗുരുതരമാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് ചികിത്സിക്കണം എന്നും എം എല്‍ എ ആവശ്യപ്പെട്ടു. കടുവയെ പേടിച്ചാണ് അരിക്കൊമ്പന്‍ കമ്പം, തേനി മേഖലയില്‍ ഇറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില ആനകള്‍ ആവാസവ്യവസ്ഥ മാറിപ്പോകില്ലെന്നും വീണ്ടും കടുവാ സങ്കേതത്തില്‍ കയറ്റിവിട്ടാല്‍ കടുവയുടെ ശബ്ദം കേട്ട് അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ പോയാല്‍ കോടതി വിധി വരുന്നത് വരെ അരിക്കൊമ്പന്‍ ജീവനോടെ ഉണ്ടാകില്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അരിക്കൊമ്പന്‍ വെള്ളം കുടിച്ചിട്ട് 33 മണിക്കൂര്‍ ആയെന്നാണ് പറയുന്നത്.
എന്നാല്‍ ആനക്കും ദൈവം തമ്പുരാനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയൂ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ഡോസ് ഉള്ള മയക്കുവെടിയാണ് അരിക്കൊമ്പന് കിട്ടിയിരിക്കുന്നത്. വണ്ടിയില്‍ കൊണ്ടുപോവുമ്പോള്‍ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കുകയാണ്. ആന പൊരിവെയിലത്തും ഉറങ്ങുന്നതിന് കാരണം ഈ ഡോസ് കൂടിയതാണ്.
എലിഫന്റ് ആംബുലന്‍സിന്റെ പിന്നില്‍ നില്‍ക്കാന്‍ അരിക്കൊമ്പന് കഴിയുന്നില്ല. അതിനാലാണ് അത് ഇരുന്ന് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൊരിവെയിലില്‍ അരിക്കൊമ്പന്‍ 250 കിലോമീറ്ററാണ് യാത്ര ചെയ്തത്. കേസ് കൊടുത്ത ദ്രോഹികളാണ് ഇതിന് കാരണം. ആനയുടെ സൈക്കോളജി മനസിലാക്കണം എന്നും മിണ്ടാപ്രാണിയായ അതിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
മൃഗസ്നേഹം എന്ന് പറഞ്ഞ് ഈ വക വേലത്തരം കാണിക്കാമോ എന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു. ആനപ്രേമികളിപ്പോള്‍ മുദ്രാവാക്യം വിളിക്കുകയും പിരിവെടുക്കുകയുമാണ്. ആനകള്‍ ദിവസം അഞ്ച് നേരമെങ്കിലും വെള്ളം കുടിക്കുന്നവരാണ്. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ 30-32 മണിക്കൂറായി വെള്ളവും ആഹാരവും കൊടുക്കാതെ കൊടും വേനലില്‍ അരിക്കൊമ്പനിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അരിക്കൊമ്പനായി ഏറ്റവും പ്രായോഗികമായ പരിഷ്‌കാരമായിരുന്നു നേരത്തെ കേരള വനം വകുപ്പ് ആവിഷ്‌കരിച്ചത് എന്നും എന്നാല്‍ അതിനെ തകര്‍ത്തത് ഈ ആനപ്രേമികള്‍ എന്ന് പറഞ്ഞ് നടക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു. ആനകളെ കുങ്കിയാനയാക്കുന്നതില്‍ ഒരു ദ്രോഹവുമില്ലെന്നും നാല് നേരവും ഭക്ഷണം കിട്ടുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications