കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനപാലനും സുനിലും സംഗീതയും: കൊടുങ്ങല്ലൂരിന്റെ വിധിയെഴുത്ത് ആര്‍ക്ക് വേണ്ടി?

  • By Desk
Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: കെ.പി.ധനപാലന് ഇത് അഭിമാനത്തിന്റെ പോരാട്ടമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റണമെങ്കില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് വിജയിക്കണം. അന്ന് തോറ്റപ്പോള്‍ ചാലക്കുടിയില്‍ നിന്നാല്‍ എന്നെ വോട്ടര്‍മാര്‍ കൈവിടില്ലായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ചാലക്കുടി മണ്ഡലത്തിന്റെ മണ്ണാണ് കൊടുങ്ങല്ലൂരും. സി.പി.ഐ.യിലെ കറ പുരളാത്ത നേതാവും തികച്ചും ജനകീയനുമായ വി.കെ.രാജന്റെ മകന്‍ എന്ന പേരിന്റെ പിന്തുണയിലാണ് വി.ആര്‍.സുനില്‍കുമാര്‍ കന്നിയങ്കത്തിനിറങ്ങിയത്. സി.പി.ഐ.യുടെ മണ്ണില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാനാകില്ല. ബി.ഡി.ജെ.എസിന്റെ സംഗീത വിശ്വനാഥിന് സ്ത്രീകളുടെ സുരക്ഷയെ കുറിച്ചാണ് പറയുവാനുള്ളത്.

dhanapalan

തിരഞ്ഞെടുപ്പുകളില്‍ എപ്പോഴും ഇടതുമുന്നണിയോട് കൂറ് കാട്ടിയ മണ്ഡലമാണ് കൊടുങ്ങല്ലൂര്‍. മാള മണ്ഡലത്തോട് കൂട്ടിച്ചേര്‍ത്തതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ടി.എന്‍.പ്രതാപന്‍ വിജയ കൊടി നാട്ടിയത്. മണ്ഡലത്തെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പ്രതാപന് കഴിഞ്ഞെന്ന് വാദമാണ് യു.ഡി.എഫ്. ഉന്നയിക്കുന്നത്. മുസിരിസ് പദ്ധതി ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. 550 കോടി രൂപ മണ്ഡലത്തില്‍ ചെലവഴിച്ചെന്നും അവകാശവാദമുന്നയിക്കുന്നു. കരുണാകരന്റെ തട്ടകമായ മാളയില്‍ യു.ഡി.എഫ്. ഭരണകാലത്ത് എത്തിയ വികസനവും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. കരുണാകരന്റെ പാത പിന്തുടരുമെന്നാണ് കെ.പി.ധനപാലന്റെ വാഗ്ദാനം.

മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് വ്യക്തിപരമായി ആരെയും കടന്ന് ആക്രമിക്കാതെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.ആര്‍.സുനില്‍കുമാറിന്റെ പ്രചാരണം. മുസിരിസ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കല്‍, തരിശ് ഭുമികള്‍ കൃഷിയോഗ്യമാക്കല്‍, കാര്‍ഷിക സമൃദ്ധി ഉറപ്പാക്കല്‍, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍ തുടങ്ങിയവയാണ് വാഗ്ദാനം. ടി.എന്‍.പ്രതാപന്‍ മണ്ഡലം ഉപേക്ഷിക്കാനുണ്ടായ കാരണം എന്താണെന്ന ചോദ്യം ഇവര്‍ രഹസ്യായുധമായി ഉപയോഗിക്കുന്നുണ്ട്. ബി.ഡി.ജെ.എസിന്റെ രംഗപ്രവേശം കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുമെന്നും വിലയിരുത്തുന്നു.

sangeetha-

ലോകസഭ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലുരിലാണ് ബി.ജെ.പി. ഏറ്റവും കുടുതല്‍ വോട്ടുകള്‍ നേടിയത്. മണ്ഡലം സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് വിട്ടുകൊടുത്തതും ഇതേ കണക്കുകള്‍ കൂട്ടിയാണ്. 20000 ത്തോളം വോട്ടുകള്‍ ബി.ജെ.പി.ക്കുണ്ട്. ബി.ഡി.ജെ.എസിന്റെ വോട്ടുകളും നിക്ഷപക്ഷ വോട്ടുകളും കൂടിയാകുമ്പോള്‍ ജയിക്കാന്‍ കഴിയുമെന്നാണ് എന്‍.ഡി.എ. മുന്നണിയുടെ വിശ്വാസം. ജില്ലയില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുള്ള മണ്ഡലമായാണ് കൊടുങ്ങല്ലൂരിനെ കാണുന്നത്. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നാണ് പ്രചാരണായുധം. കുടിവെള്ള പ്രശ്‌നവും റോഡുകളുടെ ശോചനീയാവസ്ഥകളും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമെല്ലാം വിഷയമാക്കുന്നുണ്ട്.

sunil-1

പ്രചാരണത്തില്‍ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് പ്രതീതി ജനിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ഥിരം അക്രമങ്ങള്‍ ഉണ്ടാകുന്ന മേഖലയാണ് കൊടുങ്ങല്ലൂരെങ്കിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇത്തരം അക്രമങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അങ്കത്തട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജനങ്ങളുടെ വിധിയെഴുത്ത് ആര്‍ക്ക് അനുകൂലമാകുമെന്നാണ് കാത്തിരിക്കുന്നത്.

English summary
Kerala assembly election 2016: Who will win in Kodungallur constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X