അടവുകളെല്ലാം പാളി; കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി
ദില്ലി/തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമങ്ങള്‍ എല്ലാം പാളി. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു.
കഴക്കൂട്ടം മണ്ഡലത്തിലാണ് ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്നത്. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും ആണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥി പിന്‍വാങ്ങിയ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ മത്സരിക്കും.

ശോഭ തന്നെ
കഴക്കൂട്ടത്ത് താന്‍ തന്നെ ആയിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെന്ന് കഴിഞ്ഞ ദിവസം തന്നെ ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ശോഭ വ്യക്തമാക്കിയിരുന്നു.

രാജി ഭീഷണി വിലപ്പോയില്ല
ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും രംഗത്ത് വന്നിരുന്നു എന്നാണ് ആക്ഷേപം. ശോഭയ്ക്ക് സീറ്റ് നല്‍കിയാല്‍ രാജിവയ്ക്കുമെന്ന് സുരേന്ദ്രന്‍ ഭീഷണി മുഴക്കിയതായും വാര്‍ത്തകള്‍ വന്നിരുന്നു.

തുഷാറിനെ ഇറക്കാന്‍
ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് കേന്ദ്ര നിര്‍ദ്ദേശം വന്നതിന് ശേഷവും സംസ്ഥാന നേതൃത്വം അത് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നു. ഇതിനായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമവും നടന്നിരുന്നു.

മോദിയുടെ ഇടപെടല്‍
ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, അമിത് ഷായും ശോഭയ്ക്ക് വേണ്ടി ഇടപെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.

നിലപാട് മാറ്റിയ ശോഭ
ഒരു വര്‍ഷത്തോളം പാര്‍ട്ടി വേദികളില്‍ നിന്ന് മാറി നിന്നിരുന്ന ആളാണ് ശോഭ സുരേന്ദ്രന്‍. കേന്ദ്ര ഇടപെടലുകളെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ തിരികെ എത്തിയ ശോഭ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പിച്ച് ശോഭ നടത്തിയ ഒറ്റയാള്‍ സമരം സീറ്റ് മോഹിച്ചുകൊണ്ടുള്ളതാണെന്ന ആരോപണം ഉയര്‍ന്നതിന് പിറകെ ആയിരുന്നു ഈ പ്രഖ്യാപനം.

ത്രികോണ മത്സരം
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി മുരളീധരന്‍ മത്സരിച്ച മണ്ഡലം ആണ് കഴക്കൂട്ടം. അന്ന് 7,347 വോട്ടുകള്‍ക്കായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വിജയം. ഇത്തവണ കടകംപള്ളി തന്നെയാണ് സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാല്‍ ആണ്.

തടയാന്‍ ശ്രമിച്ചില്ല
ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകുന്നത് തടയാന്‍ ശ്രമിച്ചു എന്ന ആരോപണം കേന്ദ്ര മന്ത്രി വി മുരളീധരന്‍ തള്ളി. ശോഭ സുരേന്ദ്രന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയാണെന്നും പ്രചാരണത്തിന് കഴക്കൂട്ട് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ശോഭയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പിന്‍വലിഞ്ഞ സ്ഥാനാര്‍ത്ഥിയ്ക്ക് പകരം
ബിജെപിയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവം ആയിരുന്നു മാനന്തവാടി സ്ഥാനാര്‍ത്ഥി മണിക്കുട്ടന്‍ എന്ന മണികണ്ഠന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയത്. താന്‍ അറിയാതെ ആണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നാണ് മണികണ്ഠന്‍ വ്യക്തമാക്കിയത്. മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് പുതിയ സ്ഥാനാര്‍ത്ഥി.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications