നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കട്ടെ; കോൺഗ്രസിനെ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. ഇത്തവണ ബിജെപി തന്നെ മണ്ഡലം പിടിക്കുമോ അതോ സിപിഎം മണ്ഡലം തിരിച്ച് പിടിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. അതിനിടെ നേമം കേന്ദ്രീകരിച്ച് പുതിയ ചർച്ചയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഉടലെടുത്തിരിക്കുന്നത്. കോൺഗ്രസിൽ ഉമ്മൻചാണ്ടി മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ. അതിനിടെ നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

സ്വാഗതം ചെയ്യുന്നുവെന്ന്
നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടിയെ സ്വാഗതം ചെയ്യുകയാണെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കട്ടെ. ആരെ വിജയിപ്പിക്കണമെന്ന് നേമത്തെ ജനങ്ങൾ വിലയിരുത്തട്ടെ. ഉമ്മൻചാണ്ടിയല്ല സാക്ഷാൽ രാഹുൽ ഗാന്ധി വന്നാലും ബിജെപിയുടെ ഉരുക്ക് കോട്ടയാണ് നേമം എന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ തന്നെ നേമത്ത് നിന്ന് ബിജെപി വിജയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്ഥാനാർത്ഥിയാകുമോ
അതേസമയം ഇത്തവണ കോന്നിയിൽ സ്ഥാനാർത്ഥിയാകുമോയെന്ന കാര്യം പാർട്ടിയാണ് തിരുമാനിക്കേണ്ടതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കോന്നി ബിജെപിയുടെ ആദ്യ പരിഗണിനയിൽ ഉള്ള മണ്ഡലമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40,000 വോട്ടുകൾ ബിജെപിക്ക് നേടാൻ കഴിഞ്ഞിരുന്നുവെന്നും സുരേന്ദ്രൻ പഞ്ഞു. ഇത്തവണ സുരേന്ദ്രൻ മത്സരിച്ചേക്കില്ലെന്ന തരത്തിൽ റിപ്പോർട്ടുകളഅ ഉണ്ടായിരുന്നു.

ക്രൈസ്തവർക്കിടയിൽ
നരേന്ദ്ര മോദി സർക്കാരിന് ക്രൈസ്തവർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന പ്രതീക്ഷിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു. അതിനിടെ പുതുപള്ളിവിട്ട് മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന പ്രചരണങ്ങളെ തള്ളി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു.

അലിഞ്ഞ് കിടക്കുന്നു
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

പുതുപ്പള്ളിയിൽ
ഇത്തവണ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ അട്ടിമറികൾ ഉണ്ടായേക്കുമെന്ന ചർച്ചകളഅ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് മണ്ഡലത്തിൽ എൽഡിഎഫ് കാഴ്ചവെച്ചത്. 800 ലേറെ വോട്ടിന്റെ മേൽക്കൈയാണ് ഇടതുമുന്നണി മണ്ഡലത്തിൽ നേടിയത്. എട്ടിൽ ആറ് പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമാകുന്നതായിരുന്നു കാഴ്ച.ഉമ്മൻചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയിൽ 9 സീറ്റ് നേടിയാണ് സിപിഎം ഭരണം പിടിച്ചത്.
യുഡിഎഫിന്‍റെ ഉറച്ച പല പഞ്ചായത്തുകളും ഇത്തവണ ഇടത്തോട്ട് മറിഞ്ഞിരുന്നു.












Click it and Unblock the Notifications