അടിയന്തരം പ്രമേയം ഏതായാലും നന്നായി, പ്രതിപക്ഷത്തെ തുറന്നുകാണിക്കാനായല്ലോ; സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര പ്രമേയ ചര്‍ച്ച കൊണ്ട് ഇത്രയും ഗുണം ചെയ്യുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഒന്നും കാര്യമായി പറയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ച ഒരു പതിവ് നടപടി ക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ ഡി എഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിനും ഇത് പോലെ യോഗം വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും വിവിധ സമയങ്ങളില്‍ ഇങ്ങനെയുള്ള യോഗം നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊക്കെ ഈ സംവിധാനത്തിന്റെ വേദിയാണെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതി വേഗം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹൈ സ്പീഡ് റെയില്‍ പദ്ധതിയുടെ ധാരണപത്രം ഒപ്പിട്ടത് 2016 ജനുവരിയിലാണെന്നും പിണറായി വ്യക്തമാക്കി. അതിന് ശേഷം ഒരുഘട്ടത്തില്‍ പോലും പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ ഉണ്ടായി എന്ന പ്രതിപക്ഷ ആരോപണത്തേയും അദ്ദേഹം പ്രതിരോധിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സമരക്കാര്‍ വലിയ നാശ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ യു ഡി എഫിന് എല്ലാ പ്രവര്‍ത്തകരെയും ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പാത 137 കിലോമീറ്റര്‍ തുണുകളിലുടേയോ തുരങ്കങ്ങളിലുടെയോ കടന്ന് പോകും. ബാക്കി സ്ഥലങ്ങളില്‍ 500 മീറ്റര്‍ ഇടപെട്ട് പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി തന്റെ മറുപടിയില്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി മുറിക്കുമെന്ന വാദം തെറ്റാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പദ്ധതിയുടെ ഭാഗമായി അഞ്ച് മീറ്ററില്‍ താഴെയുള്ള മതിലുകളാണ് സ്ഥാപിക്കുന്നത്. ഇരുവശങ്ങളിലും വലിയ മതിലുകള്‍ സ്ഥാപിക്കുമെന്ന പ്രചാരണം തെറ്റാണെന്നും ഇക്കാര്യത്തില്‍ താന്‍ പറയുന്നതാണ് ശരിയായ കാര്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി എടുക്കുന്ന വായ്പയുടെ തിരിച്ചടവിന് 40 വര്‍ഷം വരെ സമയമുണ്ട്. 40 വര്‍ഷം കൊണ്ട് സമ്പദ്ഘടന മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇത് മനസിലാക്കാതെയാണ് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിദേശനാണ്യ നിരക്കില്‍ 2 മുതല്‍ 1.5 % വരെയാണ് വായ്പയുടെ പലിശ. വാഹനങ്ങള്‍ പെരുകുന്നതിന്റെ അടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മാണം തുടങ്ങിയാല്‍ കെ റെയിലിനേക്കാള്‍ കൂടുതല്‍ പാറയും മണലും വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതീവ ലോലപ്രദേശങ്ങളിലുടെ കെ റെയില്‍ കടന്ന് പോകുന്നില്ല. ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയ ലോല പ്രദേശത്തുകൂടിയും പാത കടന്നു പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന കടലുണ്ടിയില്‍ നിലവിലെ പാതക്ക് സമാന്തരമായാണ് പാത പോകുകയെന്നും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ സംസ്ഥാനത്താകെ മതിലുകളുയരുന്നില്ലെന്നും അദ്ദേഹം പ്രതിപക്ഷ ആരോപണത്തെ ചെറുത്ത് കൊണ്ട് പറഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 64000 കോടി രൂപയാണെന്നും 9930 ഇത് കെട്ടിടങ്ങളെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിന് ഒരു ഹെക്ടറിന് 9 കോടിയാണ് നഷ്ട്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. സര്‍വേയുടെ ഭാഗമായുള്ള കല്ല് പിഴുതെറിയുന്നത് വസ്തുത മറച്ച് വച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പദ്ധതിയെ അനുകൂലിക്കാനുള്ള മനസ് പ്രതിപക്ഷം കാണിക്കണമെന്നും പൊതുവായ ആവശ്യത്തിനൊപ്പം പ്രതിപക്ഷം നില്‍ക്കുന്നില്ലെന്നും പിണറായി പറഞ്ഞു. ഗെയില്‍ പൈപ്പ് ബോംബെന്നാണ് പറഞ്ഞിരുന്നത്. കിഫ് ബി വന്നപ്പോള്‍ എവിടെ നിന്ന് പണം എന്നും ചോദിച്ചു. എന്നാല്‍ എതിര്‍പ്പ് കൊണ്ട് വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാതിരിക്കില്ലെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൂര്‍ണമായും എതിര്‍ത്താല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭാവി തലമുറയെ ലക്ഷ്യം വെച്ചുള്ളതായതിനാല്‍ തന്നെ പദ്ധതി നടപ്പിലാക്കിയേ തീരൂവെന്നും പിണറായി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications