കേരളം പിടിക്കാന്‍ ബിജെപിയുടെ 'ബ്രഹ്മാസ്ത്രം'; നീക്കങ്ങള്‍ ദില്ലിയിലും എറണാകുളത്തും, പുതിയ പാര്‍ട്ടി

കൊല്ലം: ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റെങ്കിലും പിടിച്ചെടുക്കണമെന്ന ആവശ്യവുമായി ബി ജെ പി അണിയറയില്‍ ഒരുപാട് പദ്ധതികള്‍ ഒരുക്കുന്നുണ്ട്. രാജ്യത്ത് പന്തലിച്ച് കിടക്കുന്ന ബി ജെ പിയെ സംബന്ധിച്ച് കേരളത്തിലും ഇനിയും ഒരു സീറ്റ് നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ നാണക്കേടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തലശേരി ബിഷപ്പ് നടത്തിയ പ്രസ്താവനകള്‍ ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ക്രൈസ്തവ വിഭാഗവുമായി കൈകോര്‍ത്താണ് കേരളത്തില്‍ അനുകൂല തരംഗം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് ബി ജെ പി വിശ്വസിക്കുന്നത്.

പുതിയൊരു ക്രൈസ്തവ പാര്‍ട്ടി
ബിഷപ്പ് നടത്തിയ പ്രസ്താവനകള്‍ കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യുന്ന ഈ സമയത്ത് സംസ്ഥാനത്ത് പുതിയൊരു ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നതാകട്ടെ ബി ജെ പിയും. കേരളത്തില്‍ പാര്‍ട്ടി രൂപീകരിക്കാന്‍ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാതെ ദില്ലിയിലും എറണാകുളത്തുമാണ് ചര്‍ച്ചകള്‍ നടന്നുവരുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മധ്യകേരളത്തിലെ ബിഷപ്പിനൊപ്പം
ബി ജെ പി നേതൃത്വവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന മധ്യകേരളത്തിലെ ബിഷപ്പിനൊപ്പം പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ബിഷപ്പും അസം മുഖ്യമന്ത്രിയും അനൗദ്യോഗിക ചര്‍ച്ചകളില്‍ പങ്കെടുത്തെന്ന വവരവും പുറത്തുവരുന്നുണ്ട്.

രണ്ട് മലയാളി നേതാക്കളും
കൂടാതെ ഭരണഘടന പദവി വഹിക്കുന്ന രണ്ട് മലയാളി നേതാക്കളും സഭ നേതൃത്വവുമായി ബി ജെ പിക്ക് വേണ്ടി ആശയ വിനിമയം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ആദ്യത്തെ ചര്‍ച്ചകളില്‍ ഒരു കേരള കോണ്‍ഗ്രസ് മുന്‍ എം എല്‍ എ പിന്നീട് പിന്മാറിയിരുന്നു. ഇതോടൊപ്പം രണ്ട് മുന്‍ എം എല്‍ എമാരും കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ടിക്കറ്റില്‍ എം പിയും എം എല്‍ എയുമായിരുന്നവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും വലിയ ജനകീയ അടിത്തറയില്ലെന്നാണ് ബി ജെ പിയിലെ പ്രമുഖ നേതാവ് വ്യക്തമാക്കുന്നത്.

ബിജെപിക്ക് അനുകൂലമായ നിലപാട്
ഈ സാഹചര്യത്തില്‍ കൂടുതല്‍ ചെറുഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ സഭയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന കര്‍ഷക സംഘങ്ങളെ ഒരുമിച്ച് നിര്‍ത്തി ബി ജെ പിക്ക് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത ബി ജെ പി കത്തോലിക്ക സഭയെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്.

കത്തോലിക്ക വോട്ടുകള്‍
ബി ജെ പിക്ക് നിലവില്‍ അനുകൂലമായ മണ്ഡലങ്ങളില്‍ കത്തോലിക്ക വോട്ടുകള്‍ ധാരാളമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലെ കത്തോലിക്ക വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ ബി ജെ പിക്കുണ്ട്. ബി ജെ പിക്ക് അനുകൂലമാക്കാന്‍ ആര്‍ എസ് എസ് നേതാക്കളും സഭ നേതൃത്വവുമായി അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ട്.

തൃശൂര്‍ പിടിക്കുമോ
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പ്രതീക്ഷയുള്ള മൂന്ന് മണ്ഡലങ്ങളില്‍ വിജയം നേടിയെടുക്കാനാണ് ദേശീയ നേതൃത്വം അടക്കം ശ്രമിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്രമന്ത്രി അമിത് ഷാ തൃശൂരില്‍ നേരിട്ടെത്തി സുരേഷ് ഗോപിയെ ഉയര്‍ത്തിക്കാട്ടിയത് അതിന്റെ ഉദാഹരണമാണ്. തൃശൂരില്‍ ഒട്ടേറെ കേന്ദ്ര പദ്ധതികള്‍ കൊണ്ട് നിറച്ച് മണ്ഡലം നേടിയെടുക്കാനുള്ള ശ്രമവും ഒരു ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.


Click it and Unblock the Notifications