കേരളത്തില്‍ ബിജെപി ലക്ഷ്യമിടുന്നത് ഈ എട്ട് മണ്ഡലങ്ങള്‍; തന്ത്രങ്ങള്‍ മെനഞ്ഞ് ദേശീയ നേതൃത്വം
കൊച്ചി: എട്ട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട വോട്ട് ലഭിച്ചതും പ്രതീക്ഷയുള്ളതുമായ മണ്ഡലങ്ങളാണ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. കുമ്മനം രാജശേഖരന്‍ മല്‍സരിച്ച തിരുവനന്തപുരം, നടന്‍ സുരേഷ് ഗോപി മല്‍സരിച്ച തൃശൂര്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. രാഹുല്‍ ഗാന്ധി മല്‍സരിച്ചതിന്റെ തരംഗത്തിലും ഭേദപ്പെട്ട വോട്ട് പിടിക്കാന്‍ സാധിച്ചു. ഇത്തവണ രാഹുല്‍ തരംഗത്തിന് സാധ്യതയില്ലാത്തതിനാല്‍ കേഡര്‍ സംവിധാനം ശക്തിപ്പെടുത്തി മണ്ഡലം പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍.

തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതില്‍ കൂടുതല്‍ പ്രതീക്ഷയുള്ളത് തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരത്ത് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ പേരും ചര്‍ച്ചയിലുണ്ട്.
തൃശൂരില്‍ സുരേഷ് ഗോപിയുടെ പേരാണ് ചര്‍ച്ചയിലുള്ളത്. നേരത്തെ അമിത് ഷാ പങ്കെടുത്ത തൃശൂരിലെ പൊതുപരിപാടിയില്‍ ഇക്കാര്യം സുരേഷ് ഗോപി തന്നെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. സുരേഷ് ഗോപി മല്‍സരിക്കരുത് എന്ന സംവിധായകന്‍ രാമസിംഹന്റെ അഭിപ്രായത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തിരഞ്ഞെടുത്ത എട്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ രണ്ട് ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവര്‍ത്തനം സജീവമാക്കുന്നത്.
എംടി രമേശ്, സി കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് നാല് വീതം മണ്ഡലങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇവരുടെ മേല്‍നോട്ടത്തില്‍ ഓരോ മണ്ഡലത്തിനും പ്രത്യേക ചുമതലക്കാരുമുണ്ടാകും. മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യോഗത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുത്തു. എങ്ങനെയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടത് എന്ന് നേതാക്കള്‍ വിശദീകരിച്ചു.
രാജ്യത്ത് ബിജെപി 160 ലോക്‌സഭാ മണ്ഡലങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് ജയിക്കുകയും തോല്‍ക്കുകയും ചെയ്ത മണ്ഡലങ്ങളാണിത്. തിരുവനന്തപുരം മണ്ഡലവും ഇതില്‍പ്പെടും. ഈ 160 മണ്ഡലങ്ങളില്‍ പകുതിയെങ്കിലും ജയിക്കാന്‍ സാധിച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മൂന്നാമതും അധികാരത്തിലെത്താന്‍ യാതൊരു തടസവുമുണ്ടാകില്ല.
ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തിലാണ് ബിജെപി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ്മയില്‍ ബിജെപിക്ക് ആശങ്കയുണ്ട്. മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇന്ത്യ സഖ്യം വെല്ലുവിളിയാകും. സിറ്റിങ് മണ്ഡലങ്ങളില്‍ ജയം ഉറപ്പിക്കുകയും സാധ്യതയുള്ള മണ്ഡലങ്ങള്‍ കൂടി പിടിക്കുകയും ചെയ്യുക എന്നാണ് ബിജെപി തന്ത്രം.












Click it and Unblock the Notifications