കേക്കുമായി ക്രിസ്ത്യന്‍ വീട് കയറാനൊരുങ്ങി ബിജെപി; അക്രമം തള്ളിയിട്ടും അവസാനിക്കാതെ പ്രതിഷേധം
പാലക്കാട്: പാലക്കാട്ടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിരോധത്തിലായി ബി ജെ പി. ആക്രമണങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ക്ക് പങ്കില്ല എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയെങ്കിലും സംശയമുന തങ്ങള്‍ക്ക് നേരെ തന്നെ ഉയരുന്നു എന്ന് പാര്‍ട്ടി മനസിലാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചും പുരോഹിതന്‍മാരും കണ്ടും ക്രിസ്മസ് ആശംസ നേരുന്നതിനിടെയാണ് ഈ സംഭവം.
ക്രിസ്തുമതവിശ്വാസികളെ ഒപ്പംനിര്‍ത്താന്‍ ബിജെപി. നടത്തുന്ന നയതന്ത്രത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് പാലക്കാട്ടെ അക്രമങ്ങള്‍. കേക്കുകളും ആശംസയുമായി ബിജെപി നേതാക്കള്‍ ബിഷപ് ഹൗസുകളിലും ക്രൈസ്തവ വീടുകളിലുമെത്തണം എന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി സ്നേഹസന്ദേശയാത്ര' തുടങ്ങാനിരിക്കെ വലിയ പ്രതിരോധത്തിലാണ് ബിജെപി.

അതേസമയം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം എന്നും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണം എന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നും ക്രൈസ്തവ സമൂഹവുമായി കുറച്ചുകാലമായി ബിജെപി സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയുമുള്ള ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ തത്തമംഗലം ചെന്താമര നഗര്‍ ജിയുപി സ്‌കൂളിലെ പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി വികെ കൃഷ്ണദാസിനാണ് അന്വേഷണ ചുമതല. വെള്ളിയാഴ്ച നല്ലേപ്പിള്ളി സ്‌കൂളിലാണ് ആദ്യം ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണമുണ്ടായത്. വിഎച്ച്പി പ്രവര്‍ത്തകരായിരുന്നു ഇതിന് പിന്നില്‍.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ വിഎച്ച്പിയുടെയും ബജ്രംഗ്ദളിന്റെയും നേതാക്കളാണ്. ഇതിന് പിന്നാലെയാണ് തത്തമംഗലം സ്‌കൂളിലെ പുല്‍ക്കൂടും തകര്‍ക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. വെളളിയാഴ്ച സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ന്നത് തിങ്കളാഴ്ട രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്‌കൂള്‍ കെട്ടിടത്തില്‍ ഗ്രില്ലിന്റെ പൂട്ട് തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ ഗ്രില്ലിന് ഇടയിലൂടെ കോല്‍ ഉപയോഗിച്ചാണ് പുല്‍ക്കൂട് തകര്‍ത്തത്.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മന്ത്രി കെ കൃഷ്ണന്‍കുട്ടി തത്തമംഗലം സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. നല്ലേപ്പിള്ളിയിലെ സംഭവവുമായി കൂട്ടി വായിക്കുമ്പോള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ചില കുബുദ്ധികളുടെ നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണ് എന്ന സംശയവും അദ്ദേഹം പങ്ക് വെച്ചിരുന്നു.












Click it and Unblock the Notifications