ഐസക്കിന്‍റെ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് റിയല്‍ എസ്റ്റേറ്റ് മേഖല,സ്റ്റാംപ് ഡ്യൂട്ടി കുറച്ചേക്കും?
ഭൂമി രജിസ്‌ട്രേഷന്റെ എണ്ണം കുത്തനെ കുറഞ്ഞത് സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമാണുണ്ടാക്കിയത്.
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ധനമന്ത്രി തോമസ് ഐസക്കിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളുമാണ് ഐസക്ക് നേരിടുന്ന പ്രധാന വെല്ലുവിളി.
നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെയാകും തോമസ് ഐസക്ക് മറികടക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ മാര്‍ച്ച് മൂന്നിലെ ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമുണ്ടാവില്ലെന്ന സൂചനകളുണ്ടായിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ത്താതെ പിടിച്ചു നിര്‍ത്താനുള്ള ശ്രമമുണ്ടാവുമെങ്കിലും, വില കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം പ്രതിസന്ധിയിലായ സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ഉണര്‍വേകുന്ന നിര്‍ദേശം ബജറ്റിലുണ്ടാകുമെന്നാണ് സൂചന. നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല കനത്ത തകര്‍ച്ചയാണ് നേരിട്ടിരുന്നത്. ഭൂമി രജിസ്‌ട്രേഷന്റെ എണ്ണം കുത്തനെ കുറഞ്ഞത് സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമാണുണ്ടാക്കിയത്. അതിനാല്‍ സ്റ്റാംപ് ഡ്യൂട്ടി നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ ആലോചനയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടി എട്ട് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications