യുഡിഎഫിന് 2 വോട്ടുകള്‍ കിട്ടില്ലെന്നുറപ്പ്; 5 ഉം നല്‍കരുതെന്ന് ജോസ് പക്ഷം, വിപ്പ് പോര് മുറുകുന്നു
തിരുവനന്തപുരം: ധനകാര്യ ബില്ല് പാസാക്കാന്‍ 24 ന് നിയമസഭ ചേരുമ്പോള്‍ സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം, രാജ്യസഭാ തിരഞ്ഞെടുപ്പ് എന്നിവ കൂടി നടക്കും. വിഡി സതീശന്‍ എംഎല്‍എ നല്‍കിയിരിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയ്ക്കായി അഞ്ച് മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ 10 മണിമുതൽ മൂന്നുമണിവരെയാണ് ചർച്ച. പ്രമേയം പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇതിന് ശേഷമായിരിക്കും രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് പരാജയം ഉറപ്പാണ്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പ്
വീരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെയാണ് കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. എല്‍ഡിഎഫിന് വിജയം ഉറപ്പുള്ള സീറ്റില്‍ വീരേന്ദ്ര കുമാറിന്‍റെ മകനം എല്‍ജെഡി നേതാവുമായി ശ്രേയാംസ് കുമാര്‍ മത്സരിക്കുന്നു. പ്രതീകാത്മക മത്സരം എന്ന നിലയില്‍ കര്‍ഷ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ കല്‍പകവാടിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ആര് വിപ്പ് നല്‍കും
മറ്റ് കക്ഷികളൊന്നും രാജ്യസഭാ തിരഞ്ഞെടുപ്പിന് അത്ര പ്രധാനം നല്‍കുന്നില്ലെങ്കിലും ഇതേ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം തുടങ്ങിയിട്ട് നാളേറെയായി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ആര് വിപ്പ് നല്‍കും എന്നതിനെ സംബന്ധിച്ചാണ് ജോസ്-ജോസഫ് വിഭാഗങ്ങളില്‍ക്കിടയില്‍ തര്‍ക്കം ആരംഭിച്ചത്.

അഞ്ച് പേര്‍
അഞ്ച് എംഎല്‍എമാരാണ് കേരള കോണ്‍ഗ്രസിന് നിയമസഭയിലുള്ളത്. പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് പക്ഷത്ത് 2 പേരും ജോസഫ് പക്ഷത്ത് 3 പേരുമായി. ഇതില്‍ ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ് എന്നീ രണ്ട് എംഎല്‍എമാരാണ് ജോസ് വിഭാഗത്തിനുള്ളത്.

ജോസഫ് ചേരിയില്‍
മറുപക്ഷത്ത് ജോസഫ് ചേരിയില്‍ പിജെ ജോസഫിന് പുറമെ സിഎഫ് തോമസ്, മോന്‍സ് ജോസഫ് എന്നിവരും അണി നിരക്കുന്നു. പിളര്‍പ്പിന് മുന്‍പ് റോഷി അഗസ്റ്റിനായിരുന്നു പാര്‍ട്ടി വിപ്പ്. എന്നാല്‍ റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റി മോന്‍സ് ജോസഫിനെ പകരക്കാരനായി നിയമിച്ചതായി പിജെ ജോസഫ് കഴിഞ്ഞ ആഴ്ച അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് സ്പീക്കര്‍ക്ക് നല്‍കുകയും ചെയ്തു.

യുഡിഎഫിന് അനുകൂലമായി
എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോസ് പക്ഷം തയ്യാറല്ല. യഥാര്‍ത്ഥ വിപ്പ് റോഷിയാണെന്നാണ് ജോസ് വിഭാഗം അവകാശപ്പെടുന്നത്. ഇതോടെ ഇരുവിഭാഗവും പരസ്പരം വിപ്പ് നല്‍കുകയും ചെയ്തു. അവിശ്വാസ പ്രമയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന് കാണിച്ചാണ് റോഷിയും ജയരാജും ഉള്‍പ്പടേയുള്ളവര്‍ക്ക് മോന്‍സ് ജോസഫ് വിപ്പ് നല്‍കിയത്.

യുഡിഎഫും വിപ്പ് നൽകി
ജോസ് വിഭാഗം എംഎൽഎമാർക്ക് യുഡിഎഫും വിപ്പ് നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം, അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ചു വോട്ട് ചെയ്യണം എന്നാണ് വിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം എന്നാവശ്യപ്പെട്ടായിരുന്നു റോഷി അഗസ്റ്റിന്‍ നേരത്തെ വിപ്പ് നല്‍കിയിരുന്നത്.

റോഷിയാണ്
പാർട്ടിയുടെ വിപ്പ് റോഷി അഗസ്റ്റിനാണെന്നും വിപ്പ് ലംഘിച്ചാൽ ജോസഫ് പക്ഷത്തുള്ള എംഎൽഎമാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് എന്‍ ജയരാജ് എംഎല്‍എ വ്യക്തമാക്കുന്നത്. നിയമസഭാ രേഖകളിൽ റോഷി അഗസ്റ്റിൻ എംഎൽഎയാണ് കേരളാകോൺഗ്രസ് വിപ്പ്. അതുകൊണ്ട് വിപ്പിനെതിരായ തീരുമാനം സ്വീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്പീക്കറുടെ തീരുമാനം
ഇതോടെ ഏത് വിഭാഗത്തിന്‍റെ വിപ്പായിരിക്കും നിലനില്‍ക്കുകയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇരു വിഭാഗങ്ങളുടേയും തര്‍ക്കത്തില്‍ സ്പീക്കറുടെ തീരുമാനം ജോസ് കെ മാണി പക്ഷത്തിന് അനുകൂലമായേക്കുമെന്നാണ് സൂചന. പാർട്ടിയിലെ തര്‍ക്കം തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ എത്തും മുമ്പ് നിശ്ചയിച്ച വിപ്പിനെ സ്പീക്കര്‍ അംഗീകരിക്കുമെന്നാണ് സൂചന.

2 വോട്ടുകള്‍
സ്പീക്കര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്നതില്‍ ജോസഫ് പക്ഷത്ത് ആശങ്ക ഉയര്‍ന്നേക്കും. സഭയ്ക്കുള്ളിലെ വിപ്പ് ലംഘനം അയോഗ്യതയ്ക്ക് കാരണമാവും. എന്നാലും രണ്ട് വിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് സാധ്യത. ഫലത്തില്‍ യുഡിഎഫിന് ജോസ് പക്ഷത്തെ 2 വോട്ടുകള്‍ കുറയുമെന്ന കാര്യം ഉറപ്പാണ്.

പാര്‍ട്ടി ചിഹ്നതർക്കത്തിൽ
അതേസമയം, പാര്‍ട്ടി ചിഹ്നതർക്കത്തിൽ ഭയമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നതായും കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. വിപ്പ് നല്‍കാനുള്ള തീരുമാനം തനിക്കാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചെന്ന മോൻസ് ജോസഫിൻെറ വാദം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യം കാട്ടി തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയതായും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അസമില്‍ കോണ്‍ഗ്രസിന് വന്‍ ബൂസ്റ്റ്;ജനപ്രിയ ഗായകന് ഉള്‍പ്പേടേയുള്ള കലാകാരന്മാര് പാര്‍ട്ടിയിലേക്ക്