സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഉടനില്ല: സ്കൂളുകളും അടയ്ക്കില്ല
തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയേക്കില്ല. സ്കൂളുകളുടെ പ്രവർത്തനത്തില്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തല്‍ക്കാലം നിലവിലെ സ്ഥിതി തുടരാനാണ് സർക്കാർ തീരുമാനം. അതോടൊപ്പം തന്നെ വാരാന്ത്യ, രാത്രികാല കർഫ്യൂഫും തല്‍ക്കാലമില്ല. അതേസമയം പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. അടുത്ത അവലോകന യോഗം വീണ്ടും സ്ഥിതി ചർച്ച ചെയ്ത് തീരുമാനമെടുക്കും.
വിവാഹ, മരണ ചടങ്ങുകളില്‍ 50 പേർക്ക് മാത്രമാകും അനുമതിയുണ്ടാകും. നേരത്തെ ഇത് 75 ആയിരുന്നു. ഓഫീസുകള്‍ പരമാവധി ഓണ്‍ലൈനാക്കും. സമ്പൂർണ്ണ ലോക്ക് ഡൌണ്‍ ഉള്‍പ്പടേയുള്ളവ പരിഗണിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് സ്കൂളുകള്‍ക്ക് നിയന്ത്രണം ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമായത്.

എന്നാല്‍ സ്കുളുകളും കോളേജുകളും തുറന്നെങ്കിലും ഇതുവരെ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടില്ല. മികച്ച രീതിയിലാണ് ഇവയുടെ പ്രവർത്തനം. അതുകൊണ്ട് തന്നെ തല്‍ക്കാലം നിയന്ത്രണം വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. നിലവിലെ കേസുകള്‍ ഉയരുന്നത് മാത്രം നോക്കി ശക്തമായ നടപടികളിലേക്ക് പോവേണ്ടതില്ലെന്നാണ് തീരുമാനം. ആശുപത്രി കേസുകളും ആരോഗ്യ സ്ഥിതി ഗുരുതരമാവുന്നവരുടെ എണ്ണവും നോക്കിയാവും ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുക. ഒരാഴ്ചയ്ക്ക് ശേഷം അടുത്ത അവലോകന യോഗം ചേരും.
ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളില്‍ മാത്രമായിരിക്കണം പരിപാടികള്‍ നേരിട്ട് നടത്തേണ്ടത്. ഈ സമയങ്ങളില്‍ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. ഇതോടൊപ്പം പൊതുയോഗങ്ങൾ ഒഴിവാക്കണമെന്നും യോഗം നിർദേശിച്ചു. 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ചെന്ന് വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.
കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ഒമിക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications