സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് കോഴിക്കോട് മാവൂര്‍ സ്വദേശി, ആകെ മരണം 183 ആയി
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയടക്കം കുടുംബത്തിലെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ദിനംപ്രതി വലിയ വര്‍ദ്ധനയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് ആറ് ദിവസത്തിനുള്ളില്‍ 10523 കേസുകളും 53 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണങ്ങളുടെ 58 ശതമാനവും പുതിയ കാല്ഡലക്ഷത്തിലധികം രോഗികളുമുണ്ടായത് ആഗസ്റ്റ് മാസത്തിലാണ്. രോഗികളുടെ അടിയന്തരഘട്ടം മറികടക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഐസിയു പരിശീലനം ലഭ്യമാക്കുന്നതായിരിക്കും.
അതേസമയയം, കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നിരുന്നു. 2333 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 7 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ച്ച് ചെയ്തത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന്‍ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 183 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
സംസ്ഥാനത്ത് നിലവില്‍ 17,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,611 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,55,928 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,759 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1730 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരിക്കലും സഹകരിക്കില്ല; ഉറപ്പ് ലംഘിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്