കേരളത്തെ ഇരുട്ടിലാക്കില്ല: അധിക വൈദ്യുതി വാങ്ങും; 15 മിനിറ്റ് നിയന്ത്രണം ഇന്ന് കൂടി - കെഎസ്ഇബി
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ നടപടി ആരംഭിച്ച് കെ എസ് ഇ ബി. ഇതിന്റെ ഭാഗമായി മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി കേരളം വാങ്ങും. കെ എസ് ഇ ബി ചെയർമാൻ ബി അശോക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിലൂടെ പ്രതിദിനം ഒന്നര കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഒരു ദിവസം കൂടി തുടരുമെന്ന് കെ എസ് ഇ ബി ചെയർമാൻ വ്യക്തമാക്കി. കേരളത്തിൽ ഇന്ന് രാത്രി പതിനൊന്നരയ്ക്ക് ഉള്ളിൽ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കെ എസ് ഇ ബി ചെയർമാൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നാളെ വൈദ്യുത നിയന്ത്രണം ഒഴിവാക്കാൻ വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് വൈദ്യുതി വകുപ്പ്. അതേസമയം കൽക്കരി ക്ഷാമം വരുന്ന ഒക്ടോബർ വരെ തുടർന്നേക്കാം എന്ന് കെ എസ് ഇ ബി ചെയർമാൻ പറഞ്ഞു. നല്ലളം നിലയത്തിൽ നിന്ന് 90 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
Recommended Video

കായംകുളം നിലയത്തിൽ ഉത്പാദനം തുടങ്ങും. മെയ് മൂന്നിന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ ദിവസം കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. ഉപഭോക്താക്കൾ ഉപയോഗം കുറച്ച് അന്നേ ദിവസം കെ എസ് ഇ ബിയോട് സഹകരിക്കണം എന്നും ബി അശോക് ആവശ്യപ്പെട്ടു.
രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് ഇപ്പോൾ കേരളം കടന്നു പോകുന്നത്. കൽക്കരി ക്ഷാമം മൂലം താപ നിലയങ്ങളിൽ ഉല്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. എന്നാൽ, രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൈദ്യുതി ക്ഷാമം കുറവാണ്. പീക്ക് അവറിൽ 200 മെഗാവാട്ടിന് കുറവാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്.
പ്രതിസന്ധി കണക്കിലെടുത്ത് നല്ലളത്തിന് പുറമെ കായംകുളം താപനിലയവും പ്രവർത്തന സജ്ജമാക്കി പ്രതിസന്ധി തരണം ചെയ്യാനാണ് കെ എസ് ഇ ബിയും സർക്കാരും ശ്രമിക്കുന്നത്. ഇതിനുപുറമേ, എറണാകുളത്ത് റിലയൻസിന്റെ താപനിലയവുമായും ചർച്ച നടക്കുന്നു. ആന്ധ്രയിലെ ഒരു കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിടാനുമാണ് ശ്രമം. അതേസമയം, കേരളത്തിലെ മുഴുവൻ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു.
പലവിധ നടപടികൾ പ്രതിസന്ധി തരണം ചെയ്യാൻ കേരളം സ്വീകരിക്കുകയാണ്. ഇത് ഫലം കണ്ടാൽ രണ്ട് ദിവസത്തിന് ഉള്ളിൽ പ്രതിസന്ധി അവസാനിക്കും. ഇതാണ് സർക്കാറിന്റെ പ്രതീക്ഷയും. എന്നാൽ, ദീർനാളത്തേക്കുള്ള പദ്ധതി കൂടി കെ എസ് ഇ ബി ആലോചിക്കുന്നുണ്ട്. ഒക്ടോബർ വരെ രാജ്യത്തെ കൽക്കരി പ്രതിസന്ധി നീളാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്. ജനങ്ങൾ പരമാവധി ഉപഭോഗം കുറക്കണം എന്നാണ് കെ എസ് ഇ ബി മുന്നോട്ട് വയ്ക്കുന്ന ആവിശ്യം.
അതേസമയം, പ്രതിസന്ധിയുടെ ഭാഗമായി ഇന്നലെ മുതൽ പതിനഞ്ച് മിനുട്ടാണ് നിയന്ത്രണം വന്നത്. ആശുപത്രികളെയും നഗര പ്രദേശങ്ങളെയും ഈ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, നഗരങ്ങളിൽ അടക്കം കൂടുതൽ സമയം നിയന്ത്രണം ഇന്നലെ രാത്രി മുതൽ ഉണ്ടെന്ന് ജനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉടൻ തന്നെ കെ എസ് ഇ ബിയും സർക്കാരും പ്രതിസന്ധി തരണം ചെയ്യണം എന്ന ആവിശ്യം വിവിധയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്.












Click it and Unblock the Notifications