വന്‍കിട ഡാമുകളിലെ ജലനിരപ്പ് 30% ത്തില്‍ താഴെ; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കെഎസ്ഇബി
കല്‍പ്പറ്റ: സംസ്ഥാനത്ത് മഴ ശക്തമായതോടെ വന്‍കിട ഡാമുകള്‍ തുറന്നുവിട്ടെന്ന പ്രചരണങ്ങള്‍ക്കെതിരെ കെഎസ്ഇബി. ഇടുക്കി ഡാം ഉള്‍പ്പെടെ തുറന്നുവിട്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തിയത്. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നുവിട്ടതെന്നും കെഎസ്ഇബി അറിയിച്ചു.
ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെ വെള്ളം മാത്രമാണ് ഉള്ളത്. ഇടുക്കിയിൽ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകൾ എല്ലാം തുറന്നു വിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുകയാണ്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നുവിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് കെഎസ്ഇബി വ്യക്തമാക്കി.
അതേസമയം വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് പെട്ടെന്ന് തന്നെ തുറക്കാന്‍ സാധ്യത ഉണ്ടെന്നും കെഎസ്ഇബി അറിയിച്ചു. ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ഡാമിന്‍റെ ഷട്ടര്‍ തുറക്കും. അണക്കെട്ടില്‍ ഇപ്പോള്‍ 78 ശതമാനം വെള്ളം നിറഞ്ഞു കഴിഞ്ഞു. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.
മഴ ശക്തമാണെങ്കിലും വലിയ ഡാമുകള്‍ ഒന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തേ മന്ത്രി എംഎം മണി അറിയിച്ചിരുന്നു. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.