സ്വര്‍ണവില വന്‍ കുതിപ്പില്‍; 3000ത്തിലേക്ക് അടുക്കുന്ന മുന്നേറ്റം... 18 കാരറ്റിലേക്ക് മാറിയിട്ടും രക്ഷയില്ല
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വലിയ മുന്നേറ്റം നടത്തി. കഴിഞ്ഞ ദിവസം 80 രൂപയുടെ മാത്രം കുറവ് രേഖപ്പെടുത്തിയ പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. കുറയുമ്പോള്‍ നാമമാത്രവും ഉയരുമ്പോള്‍ വലിയ കുതിപ്പും കാണിക്കുന്നു എന്നതാണ് സ്വര്‍ണ വിപണിയിലെ ട്രെന്‍ഡ്. ഇനിയും വില ഉയരാന്‍ തന്നെയാണ് സാധ്യത എന്ന് ആഗോള വിപണിയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 50800 രൂപയായിരുന്നു. ആഗസ്റ്റ് ഏഴിനായിരുന്നു ഈ വില. ഇന്നത്തെ പവന്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 3000ത്തോളം രൂപ കുറവാണിത്. അതായത്, രണ്ടാഴ്ചയ്ക്കിടെ 3000ത്തോളം രൂപയുടെ വര്‍ധനവ് ഒരു പവന്മേലുണ്ടായി. അടുത്ത മാസം സ്വര്‍ണവില കൂടുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ഇന്ന് രേഖപ്പെടുത്തിയ പവന്‍, ഗ്രാം നിരക്ക് സംബന്ധിച്ച് വിശദീകരിക്കാം...

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 53680 രൂപയാണ്. 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6710 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ മാറ്റം സംഭവിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്. 40 രൂപ വര്‍ധിച്ച് ഗ്രാമിന് 5550 രൂപയായി.
22 കാരറ്റ് സ്വര്‍ണത്തിന് വലിയ കുതിപ്പുണ്ടായ വേളയില്‍ ആളുകള്‍ ആഭരണങ്ങള്‍ക്കായി 18 കാരറ്റിലേക്ക് തിരഞ്ഞിരുന്നു. ഇതാണ് ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിനും വില കൂടാന്‍ ഒരു കാരണമത്രെ. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2517 ഡോളര്‍ ആണ് വില. 2500 ഡോളര്‍ പിന്നിട്ട ശേഷം വില താഴുമെന്ന് കരുതിയെങ്കിലും മുന്നേറ്റം തുടരുകയാണ്. ഇത് വരും മാസങ്ങളിലും തുടര്‍ന്നേക്കും.
ഡോളര്‍ സൂചിക മുന്നേറ്റം പ്രകടിപ്പിക്കാന്‍ സാധിക്കാതെ നില്‍ക്കുകയാണ്. 101.48 എന്ന നിരക്കിലാണ് സൂചിക. കഴിഞ്ഞ മാസങ്ങളില്‍ 106ലുണ്ടായിരുന്ന സൂചികയാണ് ഇടിഞ്ഞ് 101ല്‍ നില്‍ക്കുന്നത്. ഇത് സ്വര്‍ണത്തിന് വില കൂടാനുള്ള ഒരു കാരണമാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇന്നലെ കരുത്ത് കാട്ടിയെങ്കിലും ഇന്ന് നേരിയ ഇടിവിലാണുള്ളത്. 83.85 എന്ന നിരക്കിലാണ് ഇന്ന് രൂപ. വ്യാപാരം തുടരുന്നതിനാല്‍ ഇനിയും മൂല്യത്തില്‍ മാറ്റം വരാം.
അടുത്ത മാസം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിവരം. അമേരിക്കയില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നു എന്ന സൂചന ലഭിച്ചതോടെയാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ധാരണയായത്. അതേസമയം, പലിശ നിരക്ക് കുറയ്ക്കുന്നതോടെ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടാനും സ്വര്‍ണ വില കൂടാനും കാരണമാകും. അതിന്റെ പ്രതിഫലനം കേരള വിപണിയിലുമുണ്ടാകും.
എണ്ണവിലയില്‍ കാര്യമായ മുന്നേറ്റം കാണുന്നില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 77 ഡോളറില്‍ നില്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയാല്‍ എണ്ണവിലയിലും മാറ്റം വരും. സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാണെങ്കിലും എന്തും സംഭവിക്കാം എന്ന മട്ടിലാണ് മേഖല. അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പുതിയ നിക്ഷേപത്തിന് സുരക്ഷിതത്വമില്ല എന്ന തോന്നലും വ്യവസായികള്‍ക്കിടയിലുണ്ട്. ഇതും സ്വര്‍ണവില കൂടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.












Click it and Unblock the Notifications