സ്വർണ വില അരലക്ഷത്തിലേക്കെന്ന് ,എന്നിട്ടും വാങ്ങിക്കൂട്ടി ആളുകൾ..എല്ലാത്തിനും കാരണം.. കണക്കുകൾ
കേരളത്തിൽ സ്വർണ വില റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. പവന് 45,320 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണം കുതിച്ച് കയറുമെന്നാണ് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സ്വർണ വില കുതിച്ചതോടെ ഇറക്കുമതിയിലും വലിയ ഇടിവാണ് സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയിൽ 24.15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 46.16 ബില്യൺ ഡോളറിൽ നിന്നും 35.01 ബില്യൺ ഡോളറിലേക്കാണ് ഇറക്കുമതി ഇടിഞ്ഞത്. ഇറക്കുമതി തീരുവ ഉയർത്തിയതും ആഗോള വിപണിയിലെ ചാഞ്ചാടങ്ങളും വിലക്കയറ്റവുമെല്ലാം സ്വർണം ഇറക്കുമതി കുത്തനെ കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

2022 ജൂൺ 30-നാണ് ധനമന്ത്രാലയം സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്. അതുകൊണ്ട് തന്നെ 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ സ്വർണ്ണ ഇറക്കുമതി കുറയുന്നതിൽ അതിശയിക്കാനൊന്നുമില്ലെന്നാണ് വിദഗ്ദർ
അതേസമയം മാർച്ചിൽ സ്വർണ ഇറക്കുമതിയിൽ കുത്തനെ വർധനവും ഉണ്ടായിട്ടുണ്ട്. 216.75 ശതമാനമായിരുന്നു വർധനവ്. 2022 ൽ 1.04 ബില്യൺ ഡോളർ ആയിരുന്നു ഇറക്കുമതി. എന്നാൽ ഈ മാർച്ചിൽ അത് 3.3 ബില്യൺ ഡോളർ ആയി.
അക്ഷയ തൃതീയയുടെ കൂടി പശ്ചാത്തലത്തിലാണ് ഇറക്കുമതി കൂടിയതെന്നാണ് വ്യാപാരികൾ പറയുന്നത്.
ഈ വർഷം തുടക്കം മുതൽ പുതിയ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നതായി വ്യാപാരികൾ പറയുന്നു. ജ്വല്ലകളിൽ എത്തുന്നവരാകട്ടെ കൂടുതലും പഴയ സ്വർണം മാറ്റി വാങ്ങാൻ എത്തുന്നവരാണ്. പുതിയ ഹോൾമാർക്കിംഗ് സംവിധാനം നടപ്പാക്കിയതും പഴയ സ്വർണം മാറ്റി വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ഹാൾമാർക്കിങ് നടപ്പാക്കിയതോടെ തങ്ങളുടെ കൈയ്യിലെ പഴയ സ്വർണം വിൽക്കാനകില്ലെന്നും വില ലഭിച്ചേക്കില്ലെന്നുമെല്ലാമുള്ള ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വിലവർധനവിനെ തുടർന്ന് വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ എത്തുന്നവരും ആശങ്കയിലാണ്. കുറഞ്ഞത് 10 പവൻ വാങ്ങണമെങ്കിൽ പണിക്കൂലിയെല്ലാം ചേർത്ത് നടുവൊടിയും എന്നതാണ് പലരും പങ്കുവെയ്ക്കുന്ന ആശങ്കയെന്നും വ്യാപാരികൾ പറയുന്നു.
അതേസമയം ശ്രദ്ധേയമായ മറ്റൊരു കാര്യം ആഗോള വിപണിയിൽ വലിയൊരു മാറ്റം സംഭവിക്കാതെ സ്വർണ വിലയിൽ കുറവുണ്ടാകില്ലെന്ന് തിരിച്ചറിവിലേക്ക് ഉപഭോക്താക്കൾ എത്തിയിട്ടുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അക്ഷയ തൃതീയ നാളിൽ ഈ മാറ്റം പ്രകടമാകുമെന്നും വിപണിക്ക് ഊർജമാകുമെന്നും ഇവർ പറയുന്നു.
അക്ഷയ തൃതീയ നാളിൽ സ്വർണം വാങ്ങുന്നത് സമ്പത്ത് വർധിക്കാൻ കാരണമാകുമെന്നാണ് ചിലരുടെ വിശ്വാസം. അതുകൊണ്ട് തന്നെ അന്നേ ദിവസം ഒരു തരി പൊന്നെങ്കിലും വാങ്ങാൻ ജനം ജ്വല്ലകളിലേക്ക് ഇരച്ചുകേറുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെയ്ക്കുന്നുണ്ട്.

ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾക്ക് പ്രിയമേറുന്നു
സ്വർണ വിലയിൽ വർധനവ് ഉണ്ടായതോടെ ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾക്ക് ഉപഭോക്താക്കൾ ഏറെയെന്ന് റിപ്പോർട്ട്. സ്വർണത്തിന്‍റെ അതേ തിളക്കത്തിലും ഭംഗിയിലും ലഭിക്കുന്നത് കൊണ്ട് ലാഭം ഇത്തരം ആഭരണങ്ങളാണെന്നാണത്രേ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. യുവാക്കളാണ് ഇത് വാങ്ങാൻ കൂടുതലായി എത്തുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെ തുടർന്ന് വലിയ തിരിച്ചടി നേരിട്ട വിപണിയിൽ നിലവിൽ 10 മുതൽ 20 ശതമാനം വരെ വർധനവ് ഉണ്ടായിട്ടുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications