ഒടുവിലത്തെ ഇടപാടിന് ലഭിച്ചത് കോടികൾ: സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തൽ!
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നന സുരേഷിന്റെ പേരിലുള്ള ലോക്കറിൽ നിന്ന് സ്വർണ്ണവും പണവും കണ്ടെടുത്തതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്. യുഎഇ കോൺസുൽ ജനറലിന് പങ്കാളിത്തമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടിൽ ലഭിച്ച പണമാണ് തിരുവനന്തപുരത്തെ വിവിധ ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരുന്നതെന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയിട്ടുള്ളത്. ഈ ഇടപാടിൽ നിന്ന് കോടികൾ ലഭിച്ചെന്നും മൊഴിയിൽ പറയുന്നുണ്ട്. സ്വപ്നയുടെ ബാങ്ക് അക്കൌണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടറിയറ്റിന് സമീപത്തുള്ള ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണവും എൻഐഎ ഉദ്യോഗസ്ഥർ കണ്ടെടുക്കുന്നത്.
സ്വർണ്ണക്കടത്തിന് പുറമേ സ്വപ്ന സുരേഷ് വൻകിട റിയൽ എസ്റ്റേറ്റ് - ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയാണെന്ന് നേരത്തെ തന്നെ കസ്റ്റംസിന് ബോധ്യപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന പല രേഖകളും കസ്റ്റംസിന് അന്വേഷണത്തിനിടെ ലഭിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സ്വപ്നയും തുറന്ന് സമ്മതിച്ചിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ഒരു ഇടപാടിന്റെ ഭാഗമായി ലഭിച്ചതാണ് ലോക്കറിൽ നിന്ന് ലഭിച്ചിട്ടുള്ള ഒരു കോടി രൂപയെന്നാണ് വിവരം.

സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശ പ്രകാരമാണെന്നാണ് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റിന്റെ മൊഴി. സ്വപ്നയും ചാർട്ടേഡ് അക്കൌണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റ്യാച്യൂവിലുള്ള ബാങ്കിലെത്തി ലോക്കർ ആരംഭിച്ചത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ഈ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് എന്നാണ് ചോദ്യം ചെയ്യലിനിടെ ചാർട്ടേഡ് അക്കൌണ്ട് കസ്റ്റംസ് അധികൃതരോട് വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി 1.05 കോടി രൂപയും ഒരു കിലോയോളം സ്വർണ്ണാഭരണങ്ങളുമാണ് എൻഐഎ സംഘം കണ്ടെടുത്തത്. തനിക്ക് സമ്മാനമായി ലഭിച്ച സ്വർണ്ണമാണ് ലോക്കറിൽ സൂക്ഷിച്ചിട്ടുള്ളതെന്നാണ് ഇത് സംബന്ധിച്ച് സ്വപ്നയുടെ മൊഴി. ഇതിൽ നിന്ന് കുറച്ച് വീടുപണിയുന്നതിനായി വിറ്റെന്നും സ്വപ്ന പറഞ്ഞെങ്കിലും ഇക്കാര്യങ്ങൾ കസ്റ്റംസ് പൂർണ്ണമായി മുഖവിലക്കെടുത്തിട്ടില്ല.
Recommended Video
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കർ എൻഐഎയ്ക്കും കസ്റ്റംസിനും നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഇദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൌണ്ടിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം യൂണിറ്റിലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് ചാർട്ടേർഡ് അക്കൌണ്ടന്റിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.












Click it and Unblock the Notifications