സ്പ്രിക്ലറില്‍ വഴങ്ങി സര്‍ക്കാര്‍; അന്വേഷണത്തിന് രണ്ടംഗ സമിതി, ഒരു മാസത്തിനകം റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിക്ലറിന് കൈമാറിയ കരാറില്‍ പിഴവ് സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ആരോഗ്യ വിവരങ്ങള്‍ അടങ്ങിയ ഡാറ്റ കൈമാറുന്ന കരാറില്‍ ഒപ്പുവച്ചത്. കേന്ദ്ര ഐടി സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എം മാധവന്‍ നമ്പ്യാര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരാണ് അംഗങ്ങള്‍. കരാറുമായി ബന്ധപ്പെട്ട് വഴിവിട്ട ഇടപാടുകള്‍ നടന്നിട്ടുണ്ടോ, ചട്ട വിരുദ്ധമായിട്ടാണോ നടപടികള്‍, ആര്‍ക്കെങ്കിലും പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നോ, ജനങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷണ സമിതി പരിശോധിക്കുക. സഖ്യകക്ഷിയായ സിപിഐ വരെ ഇടപാടില്‍ മുഖം ചുളിച്ച പശ്ചാചത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറായത്.

മന്ത്രിസഭയെ മറികടന്ന് കരാറുണ്ടാക്കിയത് ശരിയല്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പര്‍ച്ചേസ് കരാറായത് കാരണം നിയമവകുപ്പിന്റെ ഉപദേശം തേടേണ്ടതില്ലെന്നാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ പ്രതികരിച്ചത്. ആരും സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും തന്റെ ഉത്തരവാദിത്തത്തിലാണ് കരാര്‍ ഒപ്പുവച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാകും. ഒരു പക്ഷേ നിലവിലെ കൊറോണ പ്രതിസന്ധി കഴിഞ്ഞാല്‍ സിപിഐ വിഷയം പരസ്യമായി ഉന്നയിച്ചേക്കും.
സേവനം സൗജന്യമാണ് എന്ന് ഉറപ്പ് വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് ബോധ്യപ്പെട്ടു. വിവരങ്ങള്‍ ശേഖരിക്കാന്‍ ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതിന്റെ ഭാഗമായിട്ടാണ് സ്പ്രിന്‍ക്ലറെ തിരഞ്ഞെടുത്തത്. ആ പ്ലാറ്റ് ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തത്തിലാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാടെന്നും ഐടി സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞു. തന്റെ തീരുമാനത്തില്‍ ആരും കൈകടത്തിയിട്ടില്ല. രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണം നിഷേധിക്കുന്നു. തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ പുനഃപരിശോധിക്കും. തന്റേത് പ്രഫഷണല്‍ തീരുമാനമാണെന്നും ശിവശങ്കര്‍ പറഞ്ഞു.


Click it and Unblock the Notifications