'ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ല, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് വേണ്ടത്'; ഹൈക്കോടതി
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കളികൾക്ക് അവസാനം വേണമെന്നും ഹൈക്കോടതി അറിയിച്ചു. കോളേജുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഇതിലാണ് കോടതി നിർണായക പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.
ജസ്‌റ്റിസ് മുഹമ്മദ് മുഷ്ത്താഖും പി കൃഷ്‌ണകുമാറും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി ജനുവരി 23ന് വീണ്ടും കോടതി പരിഗണിക്കും. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു. അതിനാൽ തന്നെ രാഷ്ട്രീയം നിരോധിക്കുന്നത് ഒരിക്കലും പരിഹാര മാർഗമല്ലെന്നായിരുന്നു കോടതി പറഞ്ഞത്.

രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം അപ്പാടെ നിരോധിക്കാൻ കഴിയില്ല. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധനം സാധ്യവുമല്ല. എങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകളും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാതാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് കോടതിയുടെ നിർണായക പരാമർശം ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയ സംഘടനകളുടെ സമരങ്ങൾ അക്കാദമിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനെതിരെ കർശന നടപടി ആവശ്യമാണെന്നും കോടതി പറഞ്ഞു. കോളേജിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ ഇടപെടാൻ പോലീസ് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന ഉത്തരവും കോടതി പുറപ്പെടുവിച്ചു. നിലവിൽ ക്യാമ്പസിൽ ഉണ്ടാവുന്ന സംഘർഷത്തിലും മറ്റും പോലീസിന് ഇടപെടാൻ പരിമിതികൾ ഉണ്ടായിരുന്നു.
ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിന് കോടതി മൂന്നാഴ്‌ച്ച സമയം അനുവദിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ - കെഎസ്‌യു സംഘർഷത്തെ തുടർന്ന് ദീർഘനാൾ കോളജ് അടച്ചിടേണ്ട സാഹചര്യം കഴിഞ്ഞ ജനുവരിയിൽ ഉണ്ടായിരുന്നു.
ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജികൾ കോടതിയിൽ എത്തിയിരിക്കുന്നത്. കോളേജ്, യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുന്നതിനും അച്ചടക്കം നിലനിർത്തുന്നതിനും നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനോടും എല്ലാ സർവകലാശാലകളോടും നേരത്തെ തന്നെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഈ വർഷം ജനുവരിയിലാണ് മഹാരാജാസ് കോളേജിൽ സംഘർഷമുണ്ടായത്. വിദ്യാർത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് വെട്ടേറ്റിരുന്നു. ക്യാമ്പസിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ നിരന്തരം ഏറ്റുമുട്ടിയതോടെ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടി അവസ്ഥയും വന്നിരുന്നു.












Click it and Unblock the Notifications