ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ; സര്‍ക്കാരിന് നോട്ടീസ്
കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് തടയുകയാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ഇന്ന് നാല് മണിക്ക് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് മേലുള്ള നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമായിരുന്നു സജിമോന്‍ പറയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണം എന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

'റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നവര്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരല്ല. പ്രശസ്തിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്,' സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും പഠിക്കാന്‍ രാജ്യത്ത് തന്നെ ആദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 2018 ല്‍ ആണ് കമ്മിറ്റി രൂപം കൊണ്ടത്.
കമ്മിഷന്‍ റിപ്പോര്‍ട്ട് 2019 ല്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സ്വകാര്യതാ പ്രശ്‌നം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് ഈ മാസം ആദ്യം വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്ന് സര്‍ക്കാര്‍ അറിയിച്ചത്.
82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും എന്നാണ് സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഓഫിസര്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട അഞ്ച് പേരും പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ചിരുന്നു. ജസ്റ്റിസ് ഹേമക്കൊപ്പം കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications