തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്; തിരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീട്ടിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കും. അതിന് മുമ്പായി തദ്ദേശ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാല്‍ കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ സര്‍വകക്ഷി യോഗം ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാര്‍ അറിയിക്കുകയും കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്താല്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കും.

ഡിസംബറിലേക്ക് തിരഞ്ഞെടുപ്പ് നീട്ടാനാണ് സാധ്യത. അങ്ങനെ തീരുമാനിച്ചാല്‍ നവംബര്‍ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ഉദ്യോഗസ്ഥരുടെ കൈവശം എത്തിച്ചേരും. ഭരണസമിതികള്‍ക്ക് പ്രസക്തിയുണ്ടാകില്ല. എല്ലാ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആഴ്ചകള്‍ മാത്രം നീട്ടിവയ്ക്കുമെന്നാണ് കരുതുന്നത്. അനിശ്ചിതമായി നീട്ടാനും സാധിക്കില്ല.
അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിയണമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. ഒക്ടോബറിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ രണ്ടുഘട്ടമായി നടത്താമെന്ന് ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് സര്‍വകക്ഷി യോഗം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നവംബര്‍ 11ന് മുമ്പ് നടന്നില്ലെങ്കില്‍ സ്‌പെഷ്യല്‍ ഓഫീസറോ ഭരണ സമിതിയോ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന രീതിയിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മാറും. എന്നാല്‍ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ഭരണസമിതി നിലവില്‍ വരികയും ചെയ്യുന്നത് വരെ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥ സമിതികള്‍ക്ക് സാധിക്കില്ല. ഒരു പക്ഷേ, നിലവിലെ ഭരണസമിതികളുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും സാധ്യതയുണ്ട്.












Click it and Unblock the Notifications