ഒന്നാം ഘട്ടം 71% പോളിംഗ്...! തിരുവനന്തപുരത്ത് മുന്നണികള്‍ക്ക് ഞെട്ടല്‍, 75% ത്തിലെത്തുമെന്ന് തിര. കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. പ്രാഥമിക കണക്കുകള്‍ പ്രകാരം 71 ശതമാനമാണ് സംസ്ഥാനത്ത് ഒന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയ പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ആയിരുന്നു ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിക്കാണ് അവസാനിച്ചത്.
പോളിംഗ് സമയം അവസാനിച്ചതിന് ശേഷവും വരിയിലുണ്ടായിരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കി. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്താണ്, 74.58%. കുറവ് പോൡഗ് പത്തനതിട്ടയിലാണ് രേഖപ്പെടുത്തിയത്, 66.78%. തിരുവനന്തപുരം 67.4%, കൊല്ലം 70.36, പത്തനംതിട്ട 66.78, ആലപ്പുഴ 73.76, കോട്ടയം 70.94, ഇടുക്കി 71.77, എന്നിങ്ങനെയായിരുന്നു മറ്റ് ജില്ലകളിലെ പോളിംഗ്.

ആദ്യ ഘട്ട പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു എന്നും 75% പോളിംഗ് സംസ്ഥാനത്താകെ ഒന്നാം ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. നാളെ രാവിലെയോടെ പോളിംഗിന്റെ അന്തിമ കണക്കുകള്‍ ലഭ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ മുതല്‍ പല പോൡഗ് സ്‌റ്റേഷനുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ വലിയ വരി കാണായിരുന്നു.
ആദ്യ മണിക്കൂറില്‍ പോളിംഗ് കുതിച്ചപ്പോള്‍ കനത്ത പോളിംഗ് പ്രതീക്ഷിച്ചെങ്കിലും ഉച്ചയോടെ മന്ദഗതിയിലായി. ഉച്ചയ്ക്ക് ശേഷമാണ് പിന്നീട് പോളിംഗ് ശതമാനം കൂടിയത്. ത്രികോണ മത്സരമുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോളിംഗ് ശതമാനം കുറഞ്ഞത് എല്ലാ മുന്നണികളുടേയും കണക്കുകൂട്ടല്‍ തെറ്റിച്ചു. എറണാകുളം കോര്‍പ്പറേഷനിലും പ്രതീക്ഷിച്ച പോളിംഗ് ഉണ്ടായില്ല.
ഒന്നാം ഘട്ടത്തില്‍ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. അതില്‍ 3 കോര്‍പ്പറേഷനുകള്‍, 39 മുനിസിപ്പാലിറ്റികള്‍, 7 ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നു.ആകെ 11,168 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഏഴ് ജില്ലകളിലായി 15,432 പോളിങ് സ്റ്റേഷനുകള്‍ ആണ് ഒരുക്കിയിരുന്നത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രമുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. കേരളം മാറി ചിന്തിക്കുന്നതിന്റെ നേര്‍സാക്ഷ്യമായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications