ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുള്ള രാജിയെന്ന് വിജയരാഘവന്‍, നല്ല മാതൃകയെ അംഗീകരിക്കുന്നുവെന്ന് എംഎ ബേബി
കോഴിക്കോട്: ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജലീലിന്റെ രാജിയെന്ന് വിജയരാഘവന്‍ പറഞ്ഞു.

പൊതുജീവിതത്തിന്റെ മാന്യതകള്‍ എപ്പോഴും ഉയര്‍ത്തി പിടിക്കുന്ന വ്യക്തിയാണ് കെടി ജലീല്‍. തെറ്റ് ചെയ്തെന്ന് ആരും അംഗീകരിച്ചിട്ടില്ല. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജിവച്ചില്ല. കെ ബാബുവിനെതിരെ വിജിലന്‍സ് കോടതി പരാമര്‍ശം നടത്തിയപ്പോള്‍ അദ്ദേഹം കൊടുത്ത രാജികത്ത് പോക്കറ്റിലിട്ട് നടക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.
അങ്ങനെയാരു നിലപാട് എല്‍ഡിഎഫ് സ്വീകരിക്കില്ല, കെ ടി ജലീലും സ്വീകരിക്കില്ല. ലോകായുക്ത തീരുമാനം വന്നാല്‍ നിയമപരമായ സമീപനം നോക്കും. അതിന് ശേഷം ആവശ്യമായ തീരുമാനമെടുക്കും. രാജി വയ്ക്കാനുള്ള സമയം മാധ്യമങ്ങള്‍ നിശ്ചയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെടി ജലീലിന്റെ രാജിയില്‍ പ്രതികരിച്ച് എംഎ ബേബിയും രംഗത്തെത്തി. ജലീലിന്റെ രാജി പാര്‍ട്ടിയുടെയും മുന്നണിയുടെയും ധാര്‍മ്മികത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണെന്ന് എംഎ ബേബി പറഞ്ഞു. അദ്ദേഹം സ്വയം രാജിവച്ചതാണ്. സ്വന്തം വാദം നീതി ന്യായ വ്യവസ്ഥയെ ബോധ്യപ്പെടുത്താന്‍ ഹൈക്കോടതിയില്‍ പോയത്. നല്ല മാതൃകയെ അംഗീകരിക്കുകയാണെന്നും ബേബി പറഞ്ഞു. അതേസമയം, ജലീല്‍ രാജി വച്ചത് നല്ല തീരുമാനമാണെന്നാണ് പി ജയരാജന്‍ പറഞ്ഞത്.












Click it and Unblock the Notifications