കാലവർഷം കേരളത്തിലേക്ക് എത്തുന്നു; തെക്ക് കിഴക്കൻ അറബിക്കടലിൽ നാളെ ചക്രവാതച്ചുഴി
തിരുവനന്തപുരം: കന്യാകുമാരി തീരത്തുള്ള കാലവർഷം അടുത്തദിവസം കേരളത്തിൽ എത്തുമെന്ന് സൂചന. അറബിക്കടലിൽ നാളെയോട് കൂടി ചക്രവാതച്ചുഴി രൂപപ്പെടും. ആദ്യം മേയ് അവസാനത്തോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ജൂൺ 4ന് എത്തുമെന്നായിരുന്നു പ്രവചനം. പ്രതീക്ഷിച്ചതിലും വൈകിയാണ് കാലവർഷം എത്തുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
പസഫിക് കടലിലേയും അറബിക്കടലിലേയും ചുഴലിക്കാറ്റിന്റെ സാന്നിധ്യമാണ് കാലവർഷം വൈകാൻ കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിൽ ആയിരിക്കും ശക്തമായ മഴ ലഭിക്കുക. അതേസമയം ഈ ആഴ്ച ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ട്. ഇരട്ട ന്യൂന മർദ്ദം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാൻ കാരണമായേക്കും.

ബുധനാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 കി.മി മുതൽ 40 കി.മി വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നാണ് കലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ (24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ) മഴയ്ക്ക് സാധ്യത ഉള്ളതായും അറിയിപ്പുണ്ട്. തൃശൂരിലും മലപ്പുറത്തും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം ഉണ്ട്.












Click it and Unblock the Notifications