സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാജിവെക്കും; പകരം കെ മുരളീധരന്‍?
തിരുവനന്തപുരം: മന്ത്രിയാക്കുമെന്ന് പറഞ്ഞ് പലതവണ കബളിപ്പിക്കപ്പെട്ട സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജിക്കൊരുങ്ങുന്നു. രാജി സന്നദ്ധത ഹൈക്കമാന്‍ഡിനെയും കേരള കോണ്‍ഗ്രസ് നേതൃത്വത്തെയും കാര്‍ത്തിയേകന്‍ അറിയിച്ചു കഴിഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം.
ഇതോടെ പുതിയ സ്പീക്കര്‍ക്കായി കോണ്‍ഗ്രസില്‍ അനൗദ്യോഗിക ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കെ. മുരളീധരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, കെ. സി. ജോസഫ് തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. അതേ സമയം, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഒഴിവു വരുന്ന മന്ത്രിസ്ഥാനത്തിന് വീണ്ടും തര്‍ക്കം വന്നേക്കും എന്നതിനാല്‍ നിലവില്‍ മന്ത്രിയായിട്ടുള്ളവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് താത്പര്യമില്ല എന്നാണ് വിവരം. സ്പീക്കറാകുന്നതില്‍ കെ. മുരളീധരന്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്തതിനാല്‍ മുരളിയെ സ്പീക്കറാക്കാനാണ് കൂടുതല്‍ സാധ്യത.
നേരത്തെ സ്പീക്കര്‍ കാര്‍ത്തികേയനെ പല അവസരത്തിലും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് തഴയുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൂടിയാണ് അദ്ദേഹത്തിന്റെ രാജി തീരുമാനമെന്ന് കോണ്‍ഗ്രസുമായി അടുപ്പമുള്ളവര്‍ പറയുന്നു. ജൂലൈ 17ന് നിയമസഭാ സമ്മേളനം കഴിഞ്ഞയുടന്‍ ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.












Click it and Unblock the Notifications