Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണം യൂട്യൂബ് നോക്കി, ജപ്പാന്‍ ടെക്‌നോളജി വരെ തോറ്റു, കേരള പൊലീസ് എന്നാ സുമ്മാവാ; ആന്ധ്രയിലെത്തി പൊക്കി

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡര്‍ സതീഷ് റെഡ്ഡി എന്ന കാരി സട്ടി ബാബു (36) കേരള പൊലീസിന്റെ പിടിയില്‍. വിശാഖപട്ടണം സ്വദേശിയായ ഇയാള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതോളം കവര്‍ച്ചക്കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടില്‍ നിന്ന് 38 പവന്‍ കവര്‍ന്ന കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

യുട്യൂബ് വിഡിയോകളിലൂടെ കവര്‍ച്ചയെ കുറിച്ച് പഠിച്ച ശേഷം അതിവിദഗ്ധമായി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. എത്ര ഉയരമുള്ള ചുമരുകളും സ്പൈഡര്‍മാനെപ്പോലെ കയറുന്നത് കൊണ്ട് ഇയാളെ ആന്ധ്രയില്‍ 'സ്പൈഡര്‍ സതീഷ് റെഡ്ഡി' എന്നാണ് വിളിക്കുന്നത്. മോഷണ മുതല്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുക എന്നതാണ് സതീഷിന്റെ ശൈലി.

KERALA POLICE

വിശാഖപട്ടണം, ബെംഗളുരു, കടപ്പ എന്നിവിടങ്ങളിലായി നാല് ആഡംബര ഫ്‌ളാറ്റുകളാണ് സതീഷിന് സ്വന്തമായുള്ളത്. മോഷണ മുതലായ സ്വര്‍ണം ആന്ധ്ര, ബെംഗളൂരു എന്നിവിടങ്ങളില്‍ എത്തിച്ച് സ്വര്‍ണ വ്യാപാരികളുമായി സൗഹൃദം സ്ഥാപിക്കും. ശേഷം ഇത് പകുതി വിലയ്ക്ക് വില്‍ക്കും. പിടിക്കപ്പെട്ടാല്‍ സ്വര്‍ണം പൊലീസിനെ ഏല്‍പിക്കാനും നിര്‍ദേശിക്കും. അടുത്ത തവണ നടത്തുന്ന മോഷണത്തിലൂടെ കിട്ടുന്ന സ്വര്‍ണം പിന്നീട് സൗജന്യമായി വ്യാപാരിക്ക് നല്‍കുകയും ചെയ്യും.

എത്ര ഉയരമുള്ള ചുവരായാലും എട്ടുകാലിയെ പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ കയറാനും സ്പൈഡര്‍മാനെ പോലെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാനും ഇയാള്‍ക്ക് കഴിയും. കവര്‍ച്ചയുടെ തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാന്‍ ശ്രമിക്കും. ഏത് വമ്പന്‍ പൂട്ടും സതീഷിന് നിഷ്പ്രയാസം ഭേദിക്കാനാകും. ഹൈടെക് മോഷ്ടാവായ ബണ്ടി ചോറിനോട് സാമ്യമുള്ളതാണ് ഇയാളുടെ മോഷണരീതി.

27-ാം വയസില്‍ തുടങ്ങിയതാണ് സതീഷ് മോഷണം. നാലാം ക്ലാസ് വരെ മാത്രമെ പഠിച്ചിട്ടുള്ളൂവെങ്കിലും തെലുങ്കിന് പുറമേ ഇംഗ്ലിഷും ഹിന്ദിയും തമിഴും മലയാളവും സംസാരിക്കും. ആഡംബര വില്ലകള്‍, വമ്പന്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തുന്നതിനെക്കുറിച്ച് യൂട്യൂബിലൂടെ വ്യക്തമായി പഠിച്ചശേഷം സ്ഥലത്തെത്തി കവര്‍ച്ച നടത്തി ഒറ്റ ദിവസം കൊണ്ട് നാട്ടിലേക്ക് മടങ്ങുകയാണ് ഇയാള്‍ ചെയ്യുന്നത്.

തിരുവനന്തപുരം നെല്ലിമൂട്ടിലെ വീട്ടില്‍ ജപ്പാന്‍ ടെക്നോളജിയിലുള്ള അടുക്കള ഭാഗത്തെ ജനല്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ഇളക്കിമാറ്റി അകത്ത് കടന്നാണ് സതീഷ് കവര്‍ച്ച നടത്തിയത്. വീടിന്റെ രണ്ടാം നിലയിലെ അലമാരയിലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന ശേഷം പഴയ പടി ജനല്‍ സ്ഥാപിക്കുകയും ചെയ്തു. സമീപ വില്ലകളിലും അന്ന് സതീഷ് കയറിയെങ്കിലും അവിടെ നിന്നും ഒന്നും കിട്ടിയില്ല.

ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടിലാണ് ഈച്ച പോലും അറിയാതെ സതീഷ് റെഡ്ഡി കയറി മോഷണം നടത്തിയത്. ബാഗില്‍ നിറച്ച സ്വര്‍ണാഭരണങ്ങളുമായി മംഗലപുരം ജംഗ്ഷനിലെത്തിയ സതീഷ് അവിടെ നിന്നു ബസില്‍ കയറി തിരുവനന്തപുരത്തും പിന്നീട് ബെംഗളുരുവിലും വിശാഖപട്ടണത്തും എത്തുകയായിരുന്നു. കഴിഞ്ഞ മാസം രണ്ടിനായിരുന്നു ഇയാള്‍ ഇവിടെ മോഷണം നടത്തിയത്.

പ്രദേശത്തെയും സഞ്ചരിച്ച ബസിലെയും സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ലോക്കല്‍ പൊലീസും ഷാഡോ ടീമും അടങ്ങുന്ന പ്രത്യേക സംഘം ആന്ധ്രപ്രദേശ് കടപ്പയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സതീഷിനെ കസ്റ്റഡിയിലെടുത്തത്. കേരള പൊലീസ് പിറകെ വരുമെന്ന് സതീഷ് റെഡ്ഡി കരുതിയിരുന്നില്ല.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ മുഴുവനും കടപ്പയിലെ സ്വര്‍ണക്കടയില്‍നിന്ന് തിരിച്ചെടുത്തതായി തിരുവനന്തപുരം റൂറല്‍ എസ്പി കിരണ്‍ നാരായണ്‍ പറഞ്ഞു. ആന്ധ്രയിലെ മുന്‍ മന്ത്രിയുടെ വീട്ടില്‍നിന്ന് 7 കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്. കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാക്കളായ ബണ്ടിച്ചോറിന്റെയും ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെയും പിന്‍ഗാമിയാണ് സതീഷ് റെഡ്ഡി.

മോഷണം നടത്താന്‍ സമ്പന്നരെ മാത്രം തിരഞ്ഞെടുക്കുക എന്നതാണ് മൂന്ന് പേരുടേയും രീതി. രാജ്യത്തെ വിവിധ പൊലീസ് സേനകളെ വട്ടം ചുറ്റിച്ച മൂന്ന് പേരും അടിയറവ് പറഞ്ഞത് കേരള പൊലീസിന് മുന്നിലാണ് എന്നത് സംസ്ഥാനത്തെ പൊലീസ് സേനയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+