കോവിഡിനൊപ്പം ഇന്ധനവില വർധനവും; മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ആവശ്യം
മിനിമം നിരക്ക് 8 രൂപയിൽനിന്നു 10 രൂപ ആക്കണം എന്നാണ് ബസുടമകളുടെ ആവശ്യം
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ കുതിച്ചുയരുന്ന ഇന്ധനവിലയും തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകൾ. ഇക്കാര്യം അവർ ഗതാഗത മന്ത്രിയെ അറിയിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി ആൻറണി രാജുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആവശ്യം.

മിനിമം നിരക്ക് 8 രൂപയിൽനിന്നു 10 രൂപ ആക്കണം എന്നാണ് ബസുടമകളുടെ ആവശ്യം. നിരക്ക് വർധനക്കൊപ്പം നികുതി ഇളവുകൂടി ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കാമെന്ന് മന്ത്രി ബസുടമകളെ അറിയിച്ചു. നയപരമായ തീരുമാനം ആണെന്നും സർക്കാരിന് ആലോചിക്കാൻ സമയം നൽകണമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഒന്നാംഘട്ട കോവിഡ് വ്യാപനവേളയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാറിന് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി ഉയര്‍ത്താനായിരുന്നു കമ്മിറ്റി ശിപാര്‍ശ. എന്നാല്‍, മിനിമം നിരക്ക് എട്ടുരൂപയായി നിലനിര്‍ത്തി, യാത്ര ചെയ്യാവുന്ന ദൂരം അഞ്ചില്‍നിന്ന് രണ്ടര കിലോമീറ്ററായി സര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ നിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍ പറഞ്ഞു.












Click it and Unblock the Notifications