Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയോടെ മഴ കനക്കും; പത്തനംതിട്ടയില്‍ ഇന്ന് റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോട്ടയം: ചുട്ടുപൊള്ളിച്ച കൊടുംവേനലിന് ശേഷം സംസ്ഥാനം പെരുമഴക്കാലത്തേക്ക് കടക്കുന്നു. കേരളത്തില്‍ മിക്കയിടങ്ങളിലും ഇന്ന് ഭേദപ്പെട്ട മഴ പെയ്തു. ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭിക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാത്രിയോടെ മഴ കനക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. പത്തനംതിട്ടയില്‍ മഴയെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

KERALA RAIN

പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ മെയ് 19 , 20 തിയതികളിലായി റെഡ് അലര്‍ട്ട് ആയിരിക്കും. തിരുവനന്തപുരത്ത് ഈ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. അതിനാല്‍ തന്നെ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടു.

കൂടാതെ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും വിനോദസഞ്ചാരം നിരോധിച്ചു. പത്തനംതിട്ട ജില്ലയില്‍ രാത്രി ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി മേയ് 18 ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ന് വരെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയിലെ ളാഹയിലാണ്. ആകെ 130 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഇന്ന് മാത്രം രണ്ടര മണിക്കൂറില്‍ 121 മില്ലീമീറ്റര്‍ മഴ ലഭിച്ചു എന്നാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.

ഇതുവരെ ആകെ പെയ്ത മഴയുടെ കണക്കുകളില്‍ ഏറ്റവുമധികം മഴ ലഭിച്ച രണ്ടാമത്തെ സ്ഥലം കോഴിക്കോട് ജില്ലയിലെ കുന്നമംഗലമാണ്. 116 മില്ലീമീറ്ററാണ് ഇവിടെ പെയ്ത മഴ. പൊന്മുടിയില്‍ 97 മില്ലീമീറ്ററും മംഗലം ഡാമില്‍ 74 മില്ലീമീറ്ററും മഴ ലഭിച്ചു. തൊടുപുഴയിലും കോന്നിയിലും 71 മില്ലീമീറ്റര്‍ വീതം മഴ ലഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് മാത്രം പെയ്ത മഴയുടെ കണക്കുകള്‍ പ്രകാരം പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്തിട്ടുള്ളത്.

പാലക്കാട് മംഗലം ഡാമില്‍ 75 മിനിറ്റില്‍ 72 മില്ലീമീറ്റര്‍ മഴയും, കോഴിക്കോട് കുന്നമംഗലത്ത് 75 മിനിറ്റില്‍ 93 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+