പെരുമഴയിൽ മുങ്ങി തൃശൂർ; ഇടുക്കി പൂച്ചപ്രയിൽ ഉരുൾപ്പൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ
തൃശൂർ: തൃശൂരിൽ ശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവടങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. ഇടുക്കിയിലും ശക്തമായ മഴയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. ഇന്നലെ പൂച്ചപ്രയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നഷ്ടമാണ് ഉണ്ടായത്.
ഉരുൾ പൊട്ടലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീട്ടിൽ ഉണ്ടായിരുന്നവർ അപകടം കൂടാതെ രക്ഷപ്പെട്ടു. ഉരുൾ പൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൽ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു. ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലനോട് കക്കയം 28ാം മയിലിൽ മണ്ണിടിച്ചിൽ ഉണ്ടായി.

കക്കയം 28ാം മൈൽ പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശക്തമായ മഴയിൽ ഇന്നലെ രാത്രിയാണ് മണ്ണ് ഇടിഞ്ഞത്. കോഴി ഫാം തകരുകയും അമ്പതോളം കവുങ്ങുകൾ നശിക്കുകയും ചെയ്തു. വീടുകൾക്ക് കേടുപാട് സംഭവിച്ചില്ല. ഒരു ഷെഡ് മാത്രമേ പ്രദേശത്ത് ഉള്ളൂ, നിലവിൽ അടിവാരത്താണ് വീടുകൾ സ്ഥിതി ചെയ്യുന്നത്.
അതേ സമയം, തൃശ്ശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് (01-06-2024) രാത്രി 11.30 വരെ 0.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത സെക്കൻഡിൽ 26 സെന്റി മീറ്ററിനും 71 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ നാളെ (01-06-2024) രാത്രി 11.30 വരെ 0.5 മുതൽ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കൻഡിൽ 24സെന്റി മീറ്ററിനും 93 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications