ഭീതി വിതച്ച് കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് ഉരുള്‍പ്പൊട്ടലില്‍ 25ഓളം പേരെ കാണാതായി
കോട്ടയം: ഇടുക്കി ജില്ലയിലെ കൊക്കയാറിലും കോട്ടയം ജില്ലയിലെ കുട്ടിക്കലിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 25 പേരെ കാണാതായതായി റിപ്പോര്‍ട്ട്. കൂട്ടിക്കലില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കുട്ടിക്കലില്‍ 15 പേരെയും കൊക്കയാറില്‍ നിന്ന് പത്ത് പേരെ കാണാതായതാണ് വിവരം. ഇന്ന് രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. പ്ലാപ്പള്ളി പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു.

കൂട്ടിക്കല്‍ പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിട്ടുണ്ട്. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്.

അതേസമയം, കൊക്കയാറില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. രണ്ടു വീടുകളിലായി എട്ട് പേരെ കാണാതായി. 5 കുട്ടികള്‍, 2 പുരുഷന്‍മാര്‍, ഒരു സ്ത്രിയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര തുടങ്ങിയവരെയാണ് കാണാതായതായി സ്ഥിരീകരിച്ചിട്ടുള്ളത്.

കോട്ടയം -ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ്. വീടുകള്‍ ഇടുക്കി ജില്ലയിലും. കുത്തൊഴുക്കില്‍ വീടുകള്‍ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും നിരവധി വീടുകള്‍ അപകടത്തിലായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 1.30 മീറ്റര്‍ വീതം തുറന്ന് വിട്ടു. കാഞ്ഞാര്‍ - മണപ്പാടി റോഡിലെ മൂന്നുങ്കവയലിന് സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചത്.

കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന്‍ (31) എന്നിവരാണ് മരിച്ചത്. ശക്തമായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പോലീസും മൂലമറ്റം അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്.

അതേസമയം, ഇടുക്കി ജില്ലയിലെ അറക്കുളം പഞ്ചായത്തില്‍ രണ്ടും, വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നവരേയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി.












Click it and Unblock the Notifications