രാജ്യസഭാ തിരഞ്ഞെടുപ്പ്: 41-ന് എതിരെ 88 വോട്ടുകള്‍ കരസ്ഥമാക്കി എംവി ശ്രേയാംസ് കുമാറിന് വിജയം
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍ വിജയിച്ചു. 41 നെതിരെ 88 വോട്ടുകള്‍ക്കാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷനായ എംവി ശ്രേയാംസ് കുമാര്‍ വിജയിച്ചത്. എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ഥി
നിയമസഭാ മന്ദിരത്തില്‍ രാവിലെ പത്ത് മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്ക് പൂര്‍ത്തിയായി. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു. മുതിര്‍ന്ന സിപിഎം നേതാവ് വിസ് അച്യുതാനന്ദന്‍, കേരള കോണ്‍ഗ്രസ് എം നേതാവ് സിഎഫ് തോമസ് എന്നിവര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ആര്‍ക്കും വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയ പിസി ജോര്‍ജ്ജ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഒരു വോട്ട് അസാധുവായി.
അന്തരിച്ച എംപി വീരേന്ദ്ര കുമാറിന്‍റെ മകനാണ് എംവി ശ്രേയാസ് കുമാര്‍. കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് 2006-ലും 2011-ലും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി മാനേജിങ് ഡയറക്ടറാണ്. കവിതയാണ് ഭാര്യ. എംഎസ് മയൂര, ദേവിക, ഗായത്രി, ഋഷഭ് എന്നിവരാണ് മക്കള്‍.
ആദ്യം തലോടല്‍ പിന്നെ തല്ലല്‍; പിസി ജോര്‍ജിന് കയ്യടിച്ച് വെട്ടിലായി ഭരണപക്ഷവും പ്രതിപക്ഷവും