മമ്മൂട്ടി മാത്രമല്ല, കേന്ദ്രം വെട്ടിയവരില്‍ എംടിയും പദ്മനാഭനും; പത്മ പുരസ്‌കാരത്തിന് കേരളം നിര്‍ദേശിച്ചത് ഇവരെ
തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത് 19 പേരുകള്‍. എന്നാല്‍ ഇതില്‍ നിന്ന് ഒരാളെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. കേന്ദ്രം ഒഴിവാക്കിയ പട്ടികയില്‍ സാഹിത്യകാരന്‍മാരായ എം ടി വാസുദേവന്‍ നായര്‍, ടി പദ്മനാഭന്‍, നടന്‍ മമ്മൂട്ടി എന്നിവരും ഉള്‍പ്പെടുന്നു. എം ടി വാസുദേവന്‍ നായരെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായാണ് കേരളം നിര്‍ദേശിച്ചത്.
മമ്മൂട്ടി, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരെയാണ് പത്മഭൂഷണിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ പേരുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. പത്മശ്രീക്കായി ഐ എം വിജയന്‍, മാനുവല്‍ ഫെഡ്‌റിക്, രഞ്ജിത് മഹേശ്വരി എന്നീ കായികതാരങ്ങളേയും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

സാഹിത്യ രംഗത്ത് നിന്ന് സി രാധാകൃഷ്ണന്‍, ടി പദ്മനാഭന്‍, എം കെ സാനു, ബെന്യാമിന്‍ എന്നിവരെയാണ് പത്മശ്രീക്കായി നിര്‍ദേശിച്ചിരുന്നത്. സാഹിത്യ, വിദ്യാഭ്യാസ രംഗത്തുനിന്ന് ചിത്രന്‍ നമ്പൂതിരിപ്പാടിനെയും സാമൂഹിക സേവനരംഗത്ത് നിന്ന് ഫാ.ഡേവിസ് ചിറമേലിനെയും സി.നരേന്ദ്രനെയും (മരണാനന്തരം) സിവില്‍ സര്‍വീസില്‍ നിന്ന് കെ ജയകുമാറിനെയും നിര്‍ദേശിച്ചു.
ഇതില്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ പേര് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീക്കായി പരിഗണിച്ചത്. കലാരംഗത്ത് നിന്ന് ഡോ. പോള്‍ പൂവത്തിങ്കലിനെയും നടരാജ കൃഷ്ണമൂര്‍ത്തിയെയും സദനം കൃഷ്ണന്‍കുട്ടിനായരെയും പത്മശ്രീക്കായി നിര്‍ദേശിച്ചെങ്കിലും അതും തഴയപ്പെട്ടു. കേരളത്തില്‍ നിന്ന് 10 പേരാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടത്.
സുപ്രീംകോടതി മുന്‍ ജഡ്ജി ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായും, ബി ജെ പി നേതാവ് ഒ രാജഗോപാലിനും ഗായിക ഉഷാ ഉതുപ്പിനും പത്മഭൂഷണ്‍ ലഭിച്ചു. അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്ക് സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനയ്ക്ക് പത്മശ്രീയും ലഭിച്ചു. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍, കാസര്‍കോട്ടെ പരമ്പരാഗത നെല്‍കര്‍ഷകന്‍ സത്യനാരായണ ബെലരി, മുനി നാരായണ പ്രസാദ് എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.
ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. 1998 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച മമ്മൂട്ടിക്ക് ഇത്രയും വര്‍ഷമായിട്ടും പത്മഭൂഷണ്‍ ലഭിക്കാത്തത് എന്താണെന്ന് സതീശന്‍ ചോദിച്ചിരുന്നു. എംടി, ടി പദ്മനാഭന്‍ എന്നിവരെ തഴഞ്ഞതിനെതിരേയും അദ്ദേഹം രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications